10 മിനിറ്റിനകം ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സംവിധാനമൊരുക്കി യുഎഇ. ഇനി മുതൽ അതതു എമിറേറ്റിലെ സ്മാർട് ആപ്ലിക്കേഷനിലൂടെ ഓൺലൈനായി ലൈസൻസ് പുതുക്കാം.പുതുക്കുന്നതിന് മുൻപ് ഡ്രൈവറുടെ കാഴ്ച പരിശോധിക്കുന്ന ഐ ടെസ്റ്റ് എടുക്കണം.ഏതെങ്കിലും അംഗീകൃത കണ്ണ് പരിശോധന സ്ഥലത്ത് 150 ദിർഹം അടച്ച് ലൈസൻസ് പുതുക്കാനുള്ള ഐ ടെസ്റ്റ് നടത്തിയാൽ ട്രാഫിക് ഫയലിൽ അപ്പോൾ തന്നെ അപ്ഡേറ്റാവും.ഇതിന് ശേഷം ലൈസൻസ് ഓൺലൈൻ വഴി പുതുക്കാൻ സാധിക്കും.സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും 5 വർഷത്തേക്കും മറ്റു രാജ്യക്കാർക്കു 2 വർഷ കാലയളവിലേക്കുമാണു ലൈസൻസ് പുതുക്കി നൽകുക. ഐ ടെസ്റ്റിന് 3 വർഷ കാലാവധിയുള്ളതിനാൽ വിദേശികൾക്ക് ഇതുപയോഗിച്ച് 2 തവണ പുതുക്കാവുന്നതാണ്.ദുബായ് എമിറേറ്റിൽ നിന്ന് ലൈസൻസ് എടുത്തവരാണെങ്കിൽ ആർടിഎയുടെ വെബ്സൈറ്റിലൂടെയോ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ 800 9090 ടോൾഫ്രീ നമ്പറിൽ വിളിച്ചോ പുതുക്കാം.അല്ലെങ്കിൽ ആർടിഎയുടെ സ്മാർട് ടെല്ലർ, സർവീസ് സെന്റർ എന്നിവിടങ്ങളിലൂടെ നേരിട്ടെത്തിയും പുതുക്കാൻ സാധിക്കും.അബുദാബിയിൽ ഓൺലൈനായി ലൈസെൻസ് പുതുക്കാൻ www.adpolice.gov.ae എന്ന പൊലീസിന്റെ വെബ്സൈറ്റിലൂടെയോ അബുദാബി പൊലീസ് ആപ്ലിക്കേഷനിലൂടെയോ സാധിക്കും.ടാം കസ്റ്റമർ ഹാപ്പിനസ് കേന്ദ്രത്തിലെത്തിയാലും പുതുക്കാം.ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലുള്ളവർക്ക് ഐ ടെസ്റ്റ് എടുത്ത ശേഷം www.moi.gov.ae വെബ്സൈറ്റിലെ ഇ–സർവീസ് മുഖേന ലൈസൻസ് പുതുക്കാൻ സാധിക്കും.