ന്യൂഡല്‍ഹി: എസ്എംഎസുകള്‍ പൂര്‍ണമായും സൗജന്യമാക്കി മാറ്റനൊരുങ്ങി ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ടെലി കമ്മ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡര്‍ 2020 ആണ് ഷോര്‍ട്ട് മെസേജ് സര്‍വ്വീസിന് മേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നത്. ദിവസേന 100 സൗജന്യ എസ്എംഎസുകള്‍ എന്ന നിയന്ത്രണം നീക്കാനും അധികമായി അയക്കുന്ന എസ്എംഎസുകള്‍ക്ക് പണം ഈടാക്കുന്നത് ഒഴിവാക്കാനുമാണ് ട്രായിയുടെ പുതിയ നിര്‍ദ്ദേശം.
ഭൂരിഭാഗം പ്രീപെയ്ഡ് റീച്ചാര്‍ഡ് പ്ലാനുകളിലും പ്രതിദിനം 100 എസ്എംഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പരിധി കഴിഞ്ഞാല്‍ അയക്കുന്ന ഓരോ എസ്എംഎസിനും പണം നല്‍കേണ്ടി വരും. ട്രായിയുടെ പുതിയ നിര്‍ദ്ദേശം നടപ്പിലാകുന്നതോടെ എസ്എംഎസ് പരിധിയില്ലാതെ അയക്കാന്‍ കഴിയും.
ടെലികോം കൊമേര്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കസ്റ്റമര്‍ പ്രിഫറന്‍സ് കസ്റ്റമര്‍ റെഗുലേഷന്റെ ഭാഗമായി തട്ടിപ്പ് സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനും എസ്എംഎസുകള്‍ വ്യാപകമായി പരസ്യ വിതരണത്തിന് ഉപയോഗിക്കുന്നതും തടയുന്നതിനും വേണ്ടി ട്രായ് തന്നെയാണ് എസ്എംഎസുകള്‍ക്ക് നിശ്ചിത തുക നിശ്ചയിച്ചത്. എന്നാല്‍ നിലവില്‍ തട്ടിപ്പ് സന്ദേശങ്ങള്‍ തടയാന്‍ കഴിയുന്ന സാങ്കേതിക വിദ്യ അധിഷ്ഠിതമാക്കിയാണ് ടിസിസിസിപിആര്‍ പ്രവര്‍ത്തിക്കുന്നത്. അതിനാലാണ് 100 എസ്എംഎസ് എന്ന നിയന്ത്രണം ഒഴിവാക്കാന്‍ ട്രായ് തീരുമാനിച്ചത്. പുതിയ സാങ്കതിക വിദ്യ ഉപയോഗിച്ചായിരിക്കും ഇനി എസ്എംഎസ് ദുരുപയോഗം പരിശോധിക്കുന്നതെന്നും ട്രായ് വ്യക്തമാക്കി.