സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഗോൾ വർഷവുമായി സൂപ്പർ താരം ലയണൽ മെസി. ഐബറിനെതിരായ മത്സരത്തിൽ നാല് ഗോളാണ് താരം അടിച്ചുകൂട്ടിയത്. മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ബാഴ്സ ജയിച്ചു. നീണ്ട ഗോൾ വരൾച്ചയ്‌ക്ക് ശേഷമാണ് മെസി തകർപ്പൻ ഹാട്രിക്കിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
കളി തുടങ്ങി ആദ്യം മുതൽ തന്നെ അക്രമിച്ച് കളിച്ച് ബാഴ്സയ്‌ക്ക് വേണ്ടി 14-ാം മിനിറ്റിൽ തന്നെ മെസി സ്കോർ ബോർഡ് തുറന്നു. 37-ാം മിനിറ്റിൽ മെസി വീണ്ടും വല ചലിപ്പിച്ചു. ആദ്യ പകുതി അവസാനിപ്പിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ 40-ാം മിനിറ്റിൽ മെസി ബാഴ്സയുടെ ലീഡ് വീണ്ടുമുയർത്തി. അതോടെ ആദ്യ പകുതിയിൽ തന്നെ ബാഴ്സ വ്യക്തമായ ആധിപത്യം സ്വന്തമാക്കി. ഒപ്പം മെസി ഹാട്രിക്കും പൂർത്തിയാക്കി.
രണ്ടാം പകുതിയിൽ ഐബർ ഉണർന്ന് കളിച്ചെങ്കിലും ഫലമുണ്ടായില്ല. 88-ാം മിനിറ്റിൽ മെസിയുടെ അടുത്ത ഗോൾ ഐബർ പോസ്റ്റിൽ പറന്നിറങ്ങി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ 90-ാം മിനിറ്റിൽ അർതർ പട്ടിക പൂർത്തിയാക്കി. ബാഴ്സയ്‌ക്ക് എതിരില്ലാത്ത അഞ്ച് ഗോളിന്റെ തകർപ്പൻ ജയം.















