ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വിയറിയാതെയുള്ള ലിവര്‍പൂള്‍ മുന്നേറ്റം തുടരുന്നു. അത്ലറ്റികോ മാഡ്രിഡ്നോട് കഴിഞ്ഞയാഴ്ച ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ ആദ്യ പാദത്തിലേറ്റ അപ്രതീക്ഷിത തോല്‍വി മറന്നാണ് ലിവര്‍പൂളിന്റെ ശക്തമായ മടങ്ങിവരവ്. വെസ്റ്റ്ഹാമിനെതിരെ 3-2നാണ് ലിവര്‍പൂള്‍ ഇന്ന് ജയം നേടിയത്. ഒരു ഘട്ടത്തില്‍ 2-1നും പിന്നീട് 2-2നും നിന്ന ശേഷമാണ് ലിവര്‍പൂള്‍ അവസാന മിനിറ്റിനോടടുത്ത് 3-2ന് കളി സ്വന്തമാക്കിയത്.
കളിയുടെ ഒമ്പതാം മിനിറ്റില്‍ ജോര്ജ്ജീനിയോ വിനാല്‍ഡമാണ് ലിവര്‍പൂളിന്റെ ആദ്യഗോള്‍ നേടിയത്. എന്നാല്‍ മൂന്നു മിനിറ്റിനകം വെസ്റ്റ്ഹാമിനായി ഇസ ഡിയോപ് സമനില പിടിച്ചു. രണ്ടാം പകുതിയില്‍ ലിവര്‍പൂളിനെ സമ്മര്‍ദ്ദത്തിലാക്കി പാബ്ലോ ഫോര്‍നാല്‍സ് 54-ാം മിനിറ്റില്‍ വെസ്റ്റ് ഹാമിനെ 2-1ന് മുന്നിലെത്തിച്ചെങ്കിലും 68-ാം മിനിറ്റില്‍ ചെമ്പടയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സല 2-2ന് സമനില പിടിച്ചു. കളിയുടെ 81-ാം മിനിറ്റില്‍ സാദിയോ മാനേയിലൂടെ ലിവര്‍പൂള്‍ വിജയഗോളും നേടി.















