കൊല്ലം: കുളത്തൂപ്പുഴയില്‍ പാക് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോഴിഫാം ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വെടിയുണ്ടകള്‍ പൊതിഞ്ഞ പേപ്പറിനൊപ്പം ഇയാളുടെ കോഴിഫാമിന്റെ ബില്ലും കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ ചോദ്യം ചെയ്തത്. വെടിയുണ്ടകള്‍ കണ്ടെടുത്ത റോഡിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. കുളത്തൂപ്പുഴ – പുനലൂര്‍ റൂട്ടില്‍ സ്ഥിപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. തമിഴ്നാട് ക്യൂബ്രാഞ്ചും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടയില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഒരു തിര തിരുകുന്ന ബെല്‍റ്റില്‍ 12 എണ്ണവും വേര്‍പ്പെടുത്തിയ നിലയില്‍ രണ്ടെണ്ണവുമാണു കണ്ടത് . ഇവയ്ക്ക് മേല്‍ പിഒഎഫ് എന്നെഴുതിയിരുന്നു. ദീര്‍ഘദൂര ലക്ഷ്യസ്ഥാനത്തെത്താന്‍ ശേഷിയുള്ള 7.62 എംഎം വെടിയുണ്ടകളാണ് കണ്ടെത്തിയത്.