ന്യൂഡല്‍ഹി: അയോധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് മേധാവി മിശ്ര ഇന്ന് അയോധ്യ സന്ദര്‍ശിക്കും. ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ചെയര്മാന് എന്ന പദവിയില്‍ നിശ്ചയിക്കപ്പെട്ട നൃപ്രേന്ദ്ര മിശ്രയാണ് ഇന്ന് അയോധ്യ സന്ദര്‍ശിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ പദ്ധതികളും ഇന്ന് മനസ്സിലാക്കലാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശം. ട്രസ്റ്റ് ഈ മാസമാദ്യം രൂപീകരിച്ച ശേഷം ആദ്യമായാണ് ട്രസ്റ്റ് ചെയര്മാന് പദവിയില്‍ നിശചയിക്കപ്പെട്ട മിശ്രയുടെ അയോധ്യ സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ ഭാഗമായി നിര്‍മോഹി അഖാഡയുടെ അധിപനായ മഹന്ത് ധീയേന്ദ്ര ദാസുമായും മറ്റ് സന്യാസിമാരുമായും മിശ്ര കൂടിക്കാഴ്ച നടത്തും.
‘ശ്രീ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്’ എന്നാണ് അയോധ്യാ ട്രസ്റ്റിന് പേരിട്ടിരിക്കുന്നത്. ട്രസ്റ്റിലെ മറ്റ് 14 അംഗങ്ങളുമായും നൃപ്രേന്ദ്ര മിശ്ര ഇന്ന് കൂടിക്കാഴ്ച നടത്തും. ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്നേ നിലവിലെ രാംലാല വിഗ്രഹം മാറ്റി സ്ഥാപിക്കും. പ്രതിഷ്ഠിക്കേണ്ട സ്ഥലവും ഇന്ന് തീരുമാനിക്കും. മാര്‍ച്ച് 25ന് ആരംഭിക്കുന്ന ചൈത്ര നവരാത്രി ആഘോഷത്തിന് മുന്നേ വിഗ്രഹം മാറ്റി സ്ഥാപിക്കും. നവരാത്രിയോടെ രാംലാല ആരാധനക്കായുള്ള സൗകര്യം നല്‍കണമെന്നാണ് ട്രസ്ററ് ഭാരവാഹികള്‍ തീരുമാനിച്ചിരിക്കുന്നത്.