വാര്സ: കണ്ണില്‍ ടാറ്റു ചെയ്ത മോഡലിന് കാഴ്‌ച്ചശക്തി നഷ്ടമായി. പോളണ്ട് സ്വദേശിനിയായ അലക്സാണ്ട്ര സഡോവ്സ്‌കയുടെ കണ്ണിന്റെ കാഴ്‌ച്ചയാണ് നഷ്ടമായത്. വലതു കണ്ണിന്റെ കാഴ്‌ച്ച പൂര്‍ണമായും ഇടത് കണ്ണിന്റെ കാഴ്‌ച്ച ഭാഗികമായിട്ടുമാണ് നഷ്ടമായിരിക്കുന്നത്. 2016 ലാണ് അലക്സാണ്ട്ര കണ്ണില്‍ ടാറ്റു ചെയ്തത്. ശരീരത്തില്‍ ടാറ്റു ചെയ്യാന്‍ ഉപയോഗിക്കുന്ന മഷി കണ്ണില്‍ ഉപയോഗിച്ചതാണ് കാഴ്‌ച്ചശക്തി നഷ്ടമാകാന്‍ കാരണം.
പോളിഷ് ഗായകനായ പോപ്പക്കിനോടുള്ള ആരാധനയാണ് കണ്ണില്‍ ടാറ്റു ചെയ്യാന്‍ അലക്സാണ്ട്രയ്‌ക്ക് പ്രേരണയായത്. പോപ്പക്കിനെ പോലെ കണ്ണിന്റെ വെള്ളയില്‍ കറുപ്പ് ടാറ്റു ചെയ്യണമെന്ന ആവശ്യവുമായി പിയോട്ടര്‍ എന്നയാളെ അലകസാണ്ട്ര സമീപിച്ചു. അലക്സാണ്ട്രയുടെ ആവശ്യം പോലെ ഇയാള്‍ കണ്ണിനുള്ളില്‍ ടാറ്റു ചെയ്ത് നല്‍കി. എന്നാല്‍ ടാറ്റു ചെയ്തതോടെ കണ്ണില്‍ അസഹ്യമായ വേദന അനുഭവപ്പെടാന്‍ തുടങ്ങി. ഇത് സാധാരണയാണെന്നും വേദന സംഹാരികള്‍ കഴിച്ചാല്‍ വേദന ഭേദമാകുമെന്നുമായിരുന്നു പിയോട്ടര്‍ നല്‍കിയ നിര്‍ദ്ദേശം.
ടാറ്റു ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ അലസാണ്ട്രയുടെ കാഴ്‌ച്ച ശക്തി കുറയാന്‍ തുടങ്ങി. ക്രമേണ വലതു കണ്ണിന്റെ കാഴ്‌ച്ച പൂര്‍ണമായും നഷ്ടപ്പെട്ടു. മൂന്ന് തവണ ശസ്ത്രക്രിയയ്‌ക്ക് വിധേയമായെങ്കിലും കാഴ്‌ച്ചശക്തി തിരിച്ചു കിട്ടിയില്ല. ടാറ്റു ചെയ്യാന്‍ ഉപയോഗിച്ച മഷി കണ്ണിലെ കോശങ്ങളിലേക്ക് വ്യാപിച്ചതിനാല്‍ കാഴ്‌ച്ചശക്തി തിരികെ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇടത് കണ്ണിന്റെ കാഴ്‌ച്ച ശക്തിയും ക്രമേണ നഷ്ടപ്പെടുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കാഴ്‌ച്ച ശക്തി നഷ്ടപ്പെടാന്‍ കാരണക്കാരനായ പിയോട്ടറിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് അലക്സാണ്ട്ര. പിയോട്ടറിന് ശിക്ഷ നല്‍കണമെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് അലസാണ്ട്രയുടെ ആവശ്യം. പിയോട്ടറിന് കണ്ണില്‍ ടാറ്റു ചെയ്യാന്‍ അറിയില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ശരീരത്തില്‍ ടാറ്റു ചെയ്യാന്‍ ഉപയോഗിക്കുന്ന മഷി കണ്ണില്‍ ഉപയോഗിക്കാന്‍ പാടില്ല. മൂന്ന് വര്‍ഷം വരെ ജയില്‍ വാസം ലഭിക്കുന്ന കുറ്റമാണിത്.















