ഐ-ലീഗിൽ റിയൽ കശ്മീരിന് വീണ്ടും ജയം. എതിരില്ലാത്ത ഒരു ഗോളിന് നെറോക്ക എഫ്.സിയെയാണ് കശ്മീർ തോൽപ്പിച്ചത്. ജയത്തോടെ കശ്മീർ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.
കശ്മീരിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ 42-ാം മിനിറ്റിൽ ഡാനിഷ് ഭട്ട് നേടിയ ഏക ഗോളിലാണ് കശ്മീർ വിജയിച്ചത്. ചെസ്റ്റർപോൾ ലിങ്ദോയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായാണ് കശ്മീർ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. തോൽവിയോടെ ഇപ്പോൾ തന്നെ തരംതാഴ്‌ത്തൽ ഭീഷണിയിലുള്ള നെറോക്കയുടെ സ്ഥിതി കൂടുതൽ പരിതാപകരമായി.
14 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള മോഹൻ ബഗാനാണ് ലീഗിൽ ഒന്നാമത്. 15 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള പഞ്ചാബ് എഫ്.സി.രണ്ടാം സ്ഥാനത്തുണ്ട്.















