പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ആറാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാം പാദ സെമിയിൽ ഇന്ന് ചെന്നൈയിൻ എഫ് സിയും, എഫ് സി ഗോവയും തമ്മിൽ ഏറ്റുമുട്ടും. ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം.
നേരത്തെ ചെന്നൈയിൽ വെച്ച് നടന്ന ആദ്യ പാദ സെമിയിൽ ചെന്നൈയൻ 4-1 ന് ഗോവയെ തകർത്തിരുന്നു. അത് കൊണ്ടു തന്നെ ഇന്നത്തെ മത്സരത്തിൽ 4 ഗോൾ ജയമെങ്കിലും നേടിയാലേ ഗോവയ്ക്ക് ഇക്കുറി ഐഎസ്എൽ ഫൈനലിൽ എത്താൻ കഴിയൂ. 3 ഗോളിന് ഇന്ന് ഗോവ വിജയിക്കുകയാണെങ്കിൽ മത്സരം എക്സ്ട്രാ ടൈമിലേക്കും, പിന്നീട് ഷൂട്ടൗട്ടിലേക്കും നീളും.
ആദ്യ പാദ സെമിയിൽ കണ്ട ഗോവയെ ആയിരിക്കില്ല ഇന്ന് കളത്തിൽ കാണുക. ആദ്യ പാദത്തിൽ കളിക്കാതിരുന്ന മധ്യനിര താരം എഡു, ഹ്യൂഗോ ബോമസ്, ബ്രണ്ടൻ ഫെർണാണ്ടസ് എന്നിവർ ഇന്നത്തെ മത്സരത്തിൽ ഗോവൻ നിരയിലുണ്ടാകും. ഇത് സ്വാഭാവികമായും അവരുടെ കരുത്ത് വർധിപ്പിക്കും. അതേ സമയം ചെന്നൈ നിലവിൽ ഉജ്ജ്വല ഫോമിലാണ്. അവസാന 9 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് അവർ ഇന്ന് തങ്ങളുടെ രണ്ടാം പാദ സെമിയിൽ കളിക്കാനിറങ്ങുന്നത്















