കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ ചരിത്രം കുറിച്ച് കിരീടം ചൂടി കേരള ബ്ലാസ്റ്റേഴ്സ്. എതിരാളികളായ ഗോകുലം കേരള റിസര്വ്സിനെ സഡണ്‍ ഡെത്തില്‍ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം കന്നി കിരീടം സ്വന്തമാക്കിയത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-5 സമനില പാലിച്ചതോടെയാണ് മത്സരം സഡണ്‍ ഡെത്തിലേക്ക് നീങ്ങിയത്.
മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും കാഴ്ച വെച്ചത്. മത്സരം പൂർണസമയം പിന്നിടുമ്പോൾ ഇരു ടീമുകളും മൂന്ന് വീതം ഗോളുകൾ നേടി സമനിലയിലായിരുന്നു. വീണ്ടും 30 മിനിറ്റ് നേരം കളിച്ചു. ഇതിൽ ആർക്കും ലീഡ് സ്വന്തമാക്കാൻ കഴിയാതെ വന്നു. ഇതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി.
പെനൽറ്റി ഷൂട്ടൗട്ടിൽ ഇരുടീമുകളും അഞ്ച് വീതം ഗോളുകൾ നേടിയതോടെ വീണ്ടും സമനില. പിന്നാലെ നടന്ന സഡൻ ഡെത്തിൽ അഞ്ചിനെതിരെ ആറ് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ജയം സ്വന്തമാക്കുകയായിരുന്നു.















