മ്യൂണിച്ച്: യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സൂചന.ഫ്രാന്‍സിലാകെ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.ക്വര്‍ട്ടര്‍ ഫൈനലുറപ്പിക്കാന്‍ പോകുന്ന ടീമുകളേ തൊക്കെ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആദ്യ മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ടോട്ടനം ജര്‍മ്മന്‍ ലീഗിലെ, ലെപ്സിഗിനെയാണ് നേരിടുക. രണ്ടാം മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബായ വലന്‍സിയ ഇറ്റാലിയന്‍ ലീഗിലെ അത്ലാന്റയുമായി ഏറ്റുമുട്ടും.
മത്സരങ്ങള്‍ അവസാനഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ പലതും അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തേണ്ട അവസ്ഥയിലാണ് യുവേഫ. പാരീസില്‍ നാളെ നടക്കേണ്ട പിഎസ്ജി- ബൊറൂസിയ ഡോട്ട്മുണ്ട് മത്സരം കാണികളില്ലാതെ നടത്താനാണ് തീരുമാനം.പാരീസ് പോലീസിന്റേയും ആരോഗ്യവകുപ്പിന്റേയും ആശങ്കയാണ് കാണികളെ പ്രവേശിപ്പിക്കേണ്ടതെന്ന തീരുമാനത്തിലെത്തിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ബാഴ്സലോണ-നാപ്പോളി മത്സരവും ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്തേണ്ടിവരുമെന്നും യുവേഫ സൂചന നല്‍കിയിട്ടുണ്ട്. കാറ്റലോണിയന്‍ പ്രവിശ്യയിലാണ് മത്സരങ്ങള്‍ നടക്കേണ്ടത്. ഫ്രാന്‍സിലാകെ 30 പേര് മരിച്ച സാഹചര്യത്തിലാണ് മുന്‍കരുതലുകള്‍ ശക്തമാക്കിയത്.















