ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഭരണ സമിതി യോഗം ഈ മാസം 14ന് അടിയന്തിര യോഗം ചേരും. മാര്‍ച്ച് 29ന് ഐപിഎല്‍ പതിമൂന്നാം സീസണിന് തുടക്കം കുറിക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. മത്സരങ്ങള്‍ നീട്ടി വെക്കണോ അതോ ആളൊഴിഞ്ഞ സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണോ എന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും.
ഐപിഎല്‍ വേദികളായ മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെല്ലാം വൈറസ് ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മത്സരങ്ങള്‍ മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. മുംബൈയില്‍ രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായത്.
നിലവിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് ബിസിസിഐക്ക്. ഇക്കാര്യം ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജി. അലക്‌സ് ബെന്‍സീഗര്‍ മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാത്പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി നാളെ പരിഗണിക്കാനാണ് സാധ്യത. ജസ്റ്റിസ് എംഎം സുന്ദരേശും ജസ്റ്റിസ് കൃഷ്ണന്‍ സ്വാമിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.















