മുംബൈ: റോഡ് സുരക്ഷാ ലോക സീരീസ് ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനം. രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മത്സരങ്ങൾക്ക് കാണികളെ ഒഴിവാക്കാൻ തീരുമാനമെടുത്തത്. മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
മാര്‍ച്ച് 13ന് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക ലെജന്റ്‌സും ശ്രീലങ്ക ലെജന്റ്‌സും തമ്മിലുള്ള അടുത്ത മല്‍സരം മുതല്‍ എല്ലാം കാണികളൊഴിഞ്ഞ സ്റ്റേഡിയത്തിലായിരിക്കും നടക്കുക. മത്സരം കാണാനെത്തുന്ന ക്രിക്കറ്റ് പ്രേമികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം കളിക്കാരുടെയും മറ്റു സ്റ്റാഫുമാരുടെയും സുരക്ഷയും ഉറപ്പു വരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ തങ്ങൾ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. മുഴുവന്‍ ആളുകളുടെയും ടിക്കറ്റിന്റെ തുക തിരികെ നല്‍കുമെന്നും സംഘാടകർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.















