മുംബൈ: കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിനപരമ്പരയും റദ്ദാക്കി. അടച്ചിട്ട സ്റ്റേഡിയത്തില്‍ കളികള്‍ നടത്താനായിരുന്നു തീരുമാനം.
ആദ്യ ഏകദിനം ധര്‍മ്മശാലയില്‍ മഴ മൂലം ഒരു പന്തുപോലുമെറിയാതെ ഉപേക്ഷിക്കേണ്ടി വന്നതിന് പുറകേയാണ് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. നാളെ ലഖ്നൗവിലും 18-ാം തീയതി കൊല്‍ക്കത്തയിലുമാണ് ഏകദിനങ്ങള്‍ തീരുമാനിച്ചിരുന്നത്.
കോവിഡ്-19 ഭീതിമൂലം ഇന്നലെ ബിസിസിഐ ഈ മാസം ആരംഭിക്കേണ്ട ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 15-ാം തീയതിയിലേക്ക് മാറ്റിയിരുന്നു. ഇന്ത്യ പരമ്പര റദ്ദാക്കുന്നതിന് മുന്നേ കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ പര്യടനം നടത്തിയിരുന്ന ഇംഗ്ലണ്ട് ടീം പരമ്പര പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ആകെ ഒരു പരിശീലന മത്സരം മാത്രമാണ് ഇംഗ്ലീഷ് ടീം കളിച്ചത്. ഇതിനിടെ ഓസ്ട്രേലിയ-ന്യൂസിലാന്റ് ഏകദിന പരമ്പര സിഡ്നിയില്‍ തുടരുകയാണ്. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.