വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയെ ചൈന നിയന്ത്രിക്കുന്നതായി ആരോപിച്ച് അമേരിക്ക രംഗത്ത്. ലോകാരോഗ്യ സംഘടന തീര്‍ത്തും ചൈനക്കനുകൂലമായി സംസാരിക്കുകയും പ്രവൃത്തിയ്ക്കുകയും ചെയ്യുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ‘ഈ പക്ഷപാതപരമായ സമീപനം ലോകത്തിന് മനസ്സിലായിരിക്കുന്നു. നിരവധി ജനങ്ങള്‍ ഇതില്‍ തികച്ചും അസുന്തുഷ്ടരാണ്. ചൈനയുടെ രീതികള്‍ തികച്ചും ദുരൂഹമാണ്. അത് പിന്തുടരുന്ന ലോകാരോഗ്യ സംഘടനയുടെ നടപടികള്‍ തികച്ചും മര്യാദയില്ലാത്തതാണ്’ ട്രംപ് വൈറ്റ്ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്ററായ മാര്‍കോ റൂബിയോയുടെ ചോദ്യത്തിനുത്തരമായാണ് ട്രംപ് ഏറെ രോഷത്തോടെ ലോകാരോഗ്യ സംഘടനയെ ചൈന നിയന്ത്രിക്കുന്നതായി വിശദീകരിച്ചത്. നിലവിലെ പ്രശ്നങ്ങളൊന്നടങ്ങിയാല് ഇതു സംബന്ധിച്ച നടപടികളുമായി അമേരിക്ക നീങ്ങുമെന്ന മുന്നറിയിപ്പ് നല്‍കാനും ട്രംപ് മറന്നില്ല.
കൊറോണ ബാധ ആരംഭിച്ചതുമുതല്‍ ലോകാരോഗ്യ സംഘടന ചൈനക്ക് വേണ്ടിയാണ് സംസാരിച്ചതെന്ന ്ട്വിറ്റര് സന്ദേശം കോണ്‍ഗ്രസ്സ് പ്രതിനിധിയായ ഗ്രെഗ് സ്റ്റ്യൂബും മുന്നേ നടത്തിയിരുന്നു.
കൊറോണ ബാധ വ്യാപകമായതോടെ ആരോഗ്യസംഘടനയുടെ മേധാവി ഖീബ്രെയീസെസ് ചൈനയില്‍ നേരിട്ടെത്തി പ്രസിഡന്റ് ഷീ ജിന്‍പിംഗിനെ കണ്ടിരുന്നു. അതിന് ശേഷമുള്ള എല്ലാ പ്രസ്താവനകളും ചൈനയെ പ്രകീര്ത്തിക്കുന്നതുമാത്രമായിരുന്നുവെന്നും അമേരിക്കയിലെ സെനറ്റ് അംഗങ്ങള്‍ ഒന്നടങ്കം ആരോപിക്കുകയാണ്. കഴിഞ്ഞ ദിവസം ചൈനയിലെ കൊറോണ വിവരം ലോകാരോഗ്യ സംഘടനയെ ആദ്യ ദിവസം തന്നെ അറിയിച്ചിട്ടും നടപടി എടുത്തില്ലെന്ന് തായ്വാനും ആരോപണം ഉന്നയിച്ചിരുന്നു.