മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന് തടയിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കഴിഞ്ഞ ദിവസം ബാഡ്മിന്റൺ താരം പി.വി സിന്ധുവും സംഭവനയുമായി രംഗത്തെത്തിയിരുന്നു. കായിക ലോകത്ത് നിന്നും നിരവധി ആളുകളാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തിരിക്കുന്നത്.
ഇതുവരെ കായിക താരങ്ങളിൽ വെച്ച ഏറ്റവും വലിയ തുക സംഭാവന ചെയ്തത് സച്ചിനാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം രൂപ വീതമാണ് സച്ചിൻ സംഭാവന ചെയ്തിരിക്കുന്നത്. നേരത്തെ, ജനങ്ങൾക്ക് ബോധവത്കരണവുമായി സച്ചിൻ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇതിനു പുറമെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസം പി.വി സിന്ധു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കാണ് 5 ലക്ഷം രൂപ വീതം സിന്ധു സംഭാവന ചെയ്തത്. ചിലർ ആറു മാസത്തെ ശമ്പളം പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തപ്പോൾ മറ്റു ചിലർ ചികിത്സ ഉപകരണങ്ങൾ സംഭാവന ചെയ്തും രോഗികളുടെ ചികിത്സ ചെലവ് ഏറ്റെടുത്തും രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പഠാൻ സഹോദരന്മാർ 4,000 മാസ്കുകൾ ബറോഡയിൽ പോലീസിന് സംഭാവന ചെയ്തിരുന്നു. ധോണി 1 ലക്ഷം രൂപ സംഭാവനയായി നൽകിയിട്ടുണ്ട്.















