തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ സംസ്ഥാനത്ത് നിന്നും പങ്കെടുത്തത് 310 പേര്. ഇതില്‍ 79 പേര് ഇതുവരെ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സമ്മേളം കഴിഞ്ഞ് മടങ്ങിയെത്തിയവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ സ്രവസാമ്പിളുകളുടെ പരിശോധന ആരംഭിച്ചെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള 69 പേര് സമ്മേളനത്തിന് ശേഷം സംസ്ഥാനത്തേക്ക് മടങ്ങി എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 79 പേര് എത്തിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും ആളുകള്‍ നിസാമുദ്ദീനിലേക്ക് പോയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്.
മലപ്പുറത്തു നിന്നും സമ്മേളനത്തിന് പോയവരില്‍ 18 പേര് തിരിച്ചെത്തിയിട്ടുണ്ട്. കോഴിക്കോട് രണ്ട് പേരും, തിരുവനന്തപുരത്ത് ആറ് പേരും, ഇടുക്കിയില്‍ അഞ്ച് പേരും, കാസര്‍കോട് ആറ് പേരും മടങ്ങിയെത്തിയിട്ടുണ്ട്. മടങ്ങിയെത്തിയ എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
കേരളത്തിലില്‍ നിന്നുള്ള പലരും ഡല്‍ഹിയിലും നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. 149 പേര് മര്‍ക്കസില്‍ നിന്നും മറ്റ് സ്ഥലങ്ങളിലെ പ്രാര്‍ത്ഥനാ യോഗങ്ങളിലും പങ്കെടുത്തതായാണ് വിവരം. അതേസമയം കോലാലംപൂരില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ കേരളത്തില്‍ നിന്നും ഒരാള്‍ പങ്കെടുത്തിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശിയായ ഇയാള്‍ നിരീക്ഷണത്തിലാണ്.