ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മാറ്റിവെച്ച കായിക മത്സരങ്ങളുടെ പട്ടികയിലേക്ക് വിംബിൾഡണും. ആഗോളതലത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ റദ്ദാക്കുന്നതായി സംഘാടകര്‍ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ടെന്നീസിലെ ഏറ്റവും വലിയ ടൂര്‍ണ്ണമെന്റായ വിംബിൾഡൺ മാറ്റിവെക്കുന്നത്.
‘കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ 2020 ലെ ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ച വിവരം വളരെ ഖേദത്തോടെ എ.ഇ.എല്‍.ടി.സി അറിയിക്കുകയാണ്. ടൂര്‍ണ്ണമെന്റിന്റെ 134-ാം എഡിഷന് 2021 ജൂണ്‍ 28നും ജൂലൈ 11നുമായി നടക്കും’, വിംബിള്‍ഡൺ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അറിയിപ്പുണ്ടായത്.
നേരത്തെ, സമാനമായ സാഹചര്യത്തിൽ ഫ്രഞ്ച് ഓപ്പണും മാറ്റിവെച്ചിരുന്നു. ഒളിംപിക്സ്, യൂറോ കപ്പ്, കോപ്പ അമേരിക്ക, ക്ലബ് ഫുട്ബോൾ മത്സരങ്ങൾ, ഐപിഎൽ, ഏഷ്യാകപ്പ്, ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റുകള്‍ എന്നിവ നേരത്തെ തന്നെ മാറ്റിവെച്ചിരുന്നു.