ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ സൗരവ് ഗാംഗുലി നല്കിയ പിന്തുണ ധോണിയോ കോഹ്ലിയോ തന്നിട്ടില്ലെന്ന പരിഭവവുമായി യുവരാജ് സിംഗ്. ധോണിയും കോഹ്ലിയും തന്നെ അത്രകണ്ട് പരിഗണിച്ചിട്ടില്ലെന്ന യുവിയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചപ്പോള്‍ വ്യക്തിപരമായി ബിസിസിഐ തന്നോട് സംസാരിച്ചില്ലെന്ന യുവിയുടെ പ്രസ്താവനയെ അനുകൂലിച്ച് സെവാഗും ഗംഭീറും മുമ്പ് രംഗത്തെത്തിയിരുന്നു.
താരങ്ങളുടെ വ്യക്തിപരമായ വിഷമങ്ങള്‍ ചോദിച്ചറിയാന്‍ ആര്‍ക്കും നേരമില്ല. അത്തരം വിഷമഘട്ടത്തില്‍ ഗാംഗുലി എന്നും കൂടെ നിന്നിരുന്നു. സൗരവ് തനിക്ക് പ്രീയപ്പെട്ട നായകനാണെന്നും യുവരാജ് സിംഗ് പറഞ്ഞു.
‘ താന്‍ ഗാംഗുലിയുടെ കീഴില്‍ ധാരാളം കളിച്ചിട്ടുള്ളയാളാണ്. അത്രയും സഹകരണം മഹിയില്‍ നിന്നോ വിരാടില്‍ നിന്നോ ലഭിച്ചിട്ടില്ല ‘ ദേശീയ കായിക മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗാംഗുലിയെ പ്രശംസിച്ചും ധോണിയേയും വിരാട് കോഹ്ലിയേയും വിമര്‍ശിച്ചും സംസാരിച്ചത്.
നിലവിലെ ഇന്ത്യന്‍ ടീമിലെ കളിക്കാരുമായി നന്നായി ഇടപഴകാന്‍ പറ്റുന്ന ഒരാളെ ആവശ്യമുണ്ട്. കളിക്കാരുടെ പ്രശ്നങ്ങള്‍ വ്യക്തിപരമായി സംസാരിക്കാന്‍ അറിയാത്തവര്‍ ടീമിലുള്ളവരുടെ പ്രകടനങ്ങളെ സ്വാധീനിക്കുമെന്നും യുവി ചൂണ്ടിക്കാട്ടി. ടീം ഇന്ത്യ ലോകകപ്പ് നേടിയ സമയത്ത് പരിശീലകനായ ഗ്യാരീ കേസ്റ്റനൊപ്പം പാഡീ അപ്റ്റണ്‍ ഉണ്ടായിരുന്നത് താരങ്ങളുടെ മാനസിക ഉല്ലാസത്തിനും കൗണ്‍സിലിങ്ങിനും ഉപകരിച്ചിരുന്നുവെന്നും യുവി ചൂണ്ടിക്കാട്ടി.
ഗാംഗുലി ഇന്ത്യന്‍ നായകനായിരിക്കേ 2000 ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് യുവി ഓസ്ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി 304 ഏകദിനങ്ങളില്‍ 110 എണ്ണം ഗാംഗുലിക്ക് കീഴിലും 104 എണ്ണം ധോണിക്ക് കീഴിലുമാണ് കളിച്ചത്. രാഹുല്‍ ദ്രാവിഡ്, സെവാഗ്, ഗൗതം ഗംഭീര്‍, ധോണി, കോഹ്ലി എന്നിവര്‍ക്ക് കീഴിലെല്ലാം കളിച്ച താരമാണ് യുവരാജ് സിംഗ്. ഇന്ത്യയുടെ രണ്ടാം ഏകദിന ലോകകപ്പ് നേട്ടത്തിലും ഏക ടി20 നേട്ടത്തിലും യുവരാജ് സിംഗ് നിര്‍ണ്ണായക സാന്നിദ്ധ്യമായിരുന്നു.