ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാം ഘട്ടതുക നല്‍കി ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍. 75 ലക്ഷം രൂപയാണ് ഹോക്കി ഫെഡറേഷന്‍ വീണ്ടും സംഭാവനയായി നല്‍കിയത്. ആദ്യ ഘട്ടമായി 25 ലക്ഷം ഏപ്രില്‍ ഒന്നാം തീയതി നല്‍കിയത്. ഇതോടെ ആകെ സംഭാവന ഒരു കോടിയായി. ഇന്ത്യയുടെ ദേശീയ കായിക ഇനമായ ഹോക്കിയുടെ ദേശീയ നിര്‍വ്വാഹക സമിതിയാണ് തുക വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ തീരുമാനമെടുത്തത്.
‘ രാജ്യം നേരിടുന്ന ഈ വിഷമഘട്ടത്തില്‍, ഇന്ത്യയുടെ ഭരണകൂടത്തിനൊപ്പം നില്‍ക്കേണ്ടത് ആവശ്യമാണ്. കൊറോണ പ്രതിരോധത്തിനായി എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യേണ്ട സമയവുമാണ്. രാജ്യത്തെ ജനങ്ങളെല്ലാം ഹോക്കിക്ക് വേണ്ടി നല്‍കുന്ന പിന്തുണ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. ആ പിന്തുണയക്കുള്ള പ്രതിഫലമായി സമൂഹത്തിനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് ഞങ്ങളുടെ കടമയാണ്’ ഹോക്കി ഇന്ത്യയുടെ അധ്യക്ഷന്‍ മുഹമ്മദ് മുഷ്താഖ് അഹമ്മദ് പ്രസ്താവനയിലുടെ അറിയിച്ചു.















