റിയാദ്: റിയാദ് ജനാദിരിയയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലം കടയ്ക്കൽ മാങ്കോട് മുതയിൽ സ്വദേശി പള്ളിക്കുന്നിൽ വീട്ടിൽ സലാഹുദ്ദീന്റെയും, ആരിഫ ബീവിയുടെയും മകൻ നിസാറുദ്ദീൻ (43) മരണമടഞ്ഞു. റിയാദ് നദീമിലെ സീവേജ് പ്ലാൻറിൽ നിന്ന് മാലിന്യം കൊണ്ടുപോകുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ടാങ്കർ ലോറിയുടെ ഡ്രൈവർ ആയിരുന്നു നിസാർ.
മാലിന്യം ജനാദിരിയയിലെ പ്ലാൻറിൽ കൊണ്ടുപോയി നിക്ഷേപിച്ച ശേഷം തിരികെ വരുമ്പോൾ റോഡിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ലോറിയിൽ നിന്ന് ഇളകി നിലത്ത് വീണ ടാങ്കറിനടിയിൽ പെട്ടായിരുന്നു അന്ത്യം. സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ച നിസാറിന്റെ മൃതദേഹം പൊലീസ് ശുമൈസി ആശുപത്രി മോർച്ചറിയിൽ എത്തിക്കുകയായിരുന്നു.
ദീർഘകാലം സൗദിയിലുണ്ടായിരുന്ന നിസാർ പുതിയ വിസയിൽ റിയാദിൽ എത്തിയിട്ട് രണ്ട് വർഷത്തിലേറെയായി. ഭാര്യ സജീല ബീവി, മക്കൾ മുഫീദ ഫർസാന, മുർഷിദ് ഫർസാന. സഹോദരങ്ങൾ: നിഹാസ്, ഷൈല ബീവി, ഷാമില ബീവി.