മുംബൈ : ലോക്ക്ഡൗൺ മൂലം വീട്ടിലിരിക്കുന്ന ക്രിക്കറ്റ് പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. 2000 മുതലുള്ള ഇന്ത്യയുടെ ഐതിഹാസിക ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ അവസരമൊരുക്കി ബിസിസിഐ. മത്സരങ്ങളുടെ ഹൈലൈറ്റുകള്‍ ഡിഡി സ്പോർട്സ് വഴി പുനഃസംപ്രേക്ഷണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ടീം ഇന്ത്യയുടെ മികച്ച മത്സരങ്ങൾ എല്ലാം ഒരിക്കൽ കൂടി കാണാനുള്ള സുവർണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം സമാനമായ നടപടിയുമായി സ്റ്റാർ സ്പോർട്സും രംഗത്ത് എത്തിയിരുന്നു. ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടങ്ങൾ പുനഃസംപ്രേക്ഷണം ചെയ്യാനാണ് സ്റ്റാർ തീരുമാനിച്ചത്. മത്സരങ്ങളുടെ ഹൈലൈറ്റുകള്‍ക്ക് പകരം മുഴുവൻ പന്തുകളും സ്റ്റാർ സ്പോർട്സ് കാണിക്കുന്നുണ്ട്.
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മത്സരങ്ങള്‍ നടക്കാത്തതാണ് സ്‌പോര്‍ട്‌സ് ചാനലുകള്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. കായിക ലോകം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നീട്ടി. ഈ വര്‍ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുമോയെന്നതാണ് ക്രിക്കറ്റ് പ്രേമികളെ അലട്ടുന്ന പ്രധാന ചോദ്യം.
ലാ ലിഗ, സീരീ എ, എഎഫ്‌സി കപ്പ്, കോപ്പ അമേരിക്ക, ചാംപ്യന്‍സ് ലീഗ്, വിംബിള്‍ഡൺ അടക്കമുള്ള ടൂര്ണമെന്റുകളെല്ലാം മാറ്റിവച്ചുകഴിഞ്ഞു. കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ ടോക്യോ ഒളിമ്പിക്‌സും അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.















