ലണ്ടന്‍: 2021ല്‍ നടക്കാനിരുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മാറ്റി വെച്ചു. 2022ലേക്കാണ് ചാമ്പ്യൻഷിപ്പ് മാറ്റി വെച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വര്‍ഷം നടക്കാനിരുന്ന ടോക്കിയോ ഒളിംപിക്സ് 2021ലേക്കു മാറ്റിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് മാറ്റി വെച്ചത്.
2022 ജൂലൈ 15 മുതല്‍ 24 വരെയായിരിക്കും ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക. പുതുക്കിയ തീയതിക്ക് ലോക അത്‌ലറ്റിക്‌സ് കൗണ്‍സില്‍ അംഗീകരം നൽകി. കോമണ്‍വെല്‍ത്ത് ഗെയിംസ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയെ ബാധിക്കാത്ത രീതിയിലാണ് പുതിയ മത്സരക്രമം തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ മൂന്നു ചാമ്പ്യന്‍ഷിപ്പുകളിലും അത്‌ലറ്റുകള്‍ക്കു മത്സരിക്കാന്‍ സാധിക്കും.
നേരത്തേ, 2021 ഓഗസ്റ്റ് 6 മുതല്‍ 15 വരെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഒളിമ്പിക്സ് അടുത്ത വർഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതോടെയാണ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മാറ്റി വെക്കേണ്ടി വന്നത്.















