മുംബൈ: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആദ്യം മുതല്‍ തന്നെ സജീവമായി പ്രവര്‍ത്തിച്ചവരാണ് മഹീന്ദ്ര. വാഹനങ്ങള്‍ മാത്രം നിര്‍മ്മിച്ചിരുന്ന നിര്‍മ്മാണ ശാലകളില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളും നിര്‍മ്മിക്കാനാകുമെന്ന് തെളിയിച്ചാണ് മഹീന്ദ്ര ജനഹൃദയങ്ങള്‍ കീഴടങ്ങിയത്.
രാജ്യത്തുടനീളം 80,000 മുഖാവരണങ്ങള്‍ മഹീന്ദ്ര വിതരണം ചെയ്‌തെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 30 നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മഹീന്ദ്ര മുഖാവരണങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചത്. അതിവേഗത്തിലാണ് മുഖാവരണങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതെന്ന് മഹീന്ദ്ര നേരത്തെ അറിയിച്ചിരുന്നു. ഏപ്രില്‍ 17-ാം തീയതിയിലെ കണക്ക് അനുസരിച്ച് ഇതുവരെ രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളില്‍ 80,000 മുഖാവരണങ്ങള്‍ നല്‍കി കഴിഞ്ഞെന്ന് മഹീന്ദ്ര അറിയിച്ചു.
മഹീന്ദ്രയുടെ മുംബൈ കണ്ടിവാലി പ്ലാന്റിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മുഖാവരണങ്ങള്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ച് 17 ദിവസത്തിനുള്ളില്‍ 80,000 മുഖാവരണങ്ങള്‍ എത്തിച്ച് നല്‍കിയതിന് ആരോഗ്യ പ്രവര്‍ത്തകര്‍ മഹീന്ദ്രയ്‌ക്ക് നന്ദി അറിയിച്ചു. മുഖാവരണത്തിന് പുറമെ സാനിട്ടൈസറുകളും വെന്റിലേറ്ററുകളും മഹീന്ദ്ര നിര്‍മ്മിക്കുന്നുണ്ട്.















