മുംബൈ: ജിയോയും ഫേസ്ബുക്കും തമ്മിലുള്ള കരാറിനെ തുടര്‍ന്ന് മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. ചൈനീസ് ശതകോടീശ്വരന്‍ ജാക്മായെ പിന്തള്ളിയാണ് മുകേഷ് അംബാനി ഈ സ്ഥാനത്ത് വീണ്ടും എത്തിയത്. ജിയോയിലെ 9.9 ശതമാനം ഓഹരി 5.7 ബില്ല്യണ്‍ ഡോളറിനാണ് ഫേസ് ബുക്ക് ഏറ്റെടുത്തത്. ഇതോടെ ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം അംബാനിയുടെ ആസ്ഥി 4.7 ബില്യണ്‍ ഡോളറില്‍ നിന്നും 49.2 ഡോളറില്‍ എത്തി.
വാട്സാപ്പ് വാങ്ങിയതിന് ശേഷം ഫേസ്ബുക്ക് നടത്തുന്ന ഏറ്റവും വലിയ ഇടപാടാണ് ഇത്. ഡിജിറ്റല്‍ ആപ്ലിക്കേഷനുകളും വയര്‍ലെസ് പ്ലാറ്റ്ഫോമും ഒരുമിച്ച് ഒരു കുടക്കീഴില് കൊണ്ടുവരുന്ന ജിയോയുടെ 10 ശതമാനം ഓഹരി ഫേസ്ബുക്ക് വാങ്ങുന്നുവെന്ന് മുകേഷ് അംബാനി ഇന്നലെ അറിയിച്ചിരുന്നു. 43,574 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ജിയോയിലെ ഏറ്റവും വലിയ മൈനോറിറ്റി ഓഹരി ഉടമയായി ഫെയ്സ്ബുക്ക് മാറി. കരാര്‍ പ്രകാരം ജിയോയ്ക്ക് മൂല്യം 4.62 ലക്ഷം കോടിയായി.
ചെറുകിട ബിസിനസുകളുമായി ബന്ധപ്പെടാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായി റിലയന്‍സിന്റെ ഇ കൊമേഴ്സ് സംരംഭമായ ജിയോമാര്‍ട്ടുമായി സഹകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. ഗൂഗിള്‍പേ, പേടിഎം തുടങ്ങിയവയുമായി മത്സരിക്കാന്‍ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ലഭ്യമാക്കുന്നതിനുള്ള അനുമതി നേടിയ സമയത്താണ് കരാര്‍.