ശ്രീനഗര്‍ : കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കശ്മീരിലേക്ക് നുഴഞ്ഞു കയറുന്നതിനായി പാക് അധീന കശ്മീരില്‍ 300 ഓളെ ഭീകര്‍ തയ്യാറെടുത്തിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ലഷ്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകളിലുള്‍പ്പെട്ട ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാക് അധീന കശ്മീരില്‍ തമ്പടിച്ചിരിക്കുന്നത് . നിയന്ത്രണ രേഖയ്ക്ക് സമീപം 16 ലോഞ്ച് പാഡുകള്‍ സജ്ജീവമായിട്ടുണ്ട്. പാക് സൈന്യവും ചാര സംഘടനയായ ഐഎസ്ഐയുമാണ് ഇവര്‍ക്ക് സഹായം നല്‍കുന്നത് എന്നാണ് വിവരം. നൗരേഷ , ചാമ്പ എന്നിവിടങ്ങളിലാണ് ഭീകരരുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍. വടക്കന്‍ കശ്മീരിലെ ഗുല്‍മാര്‍ഗിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാം എന്നതാണ് ഭീകരര്‍ ഇവിടെ തമ്പടിക്കാന്‍ കാരണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
നുഴഞ്ഞു കയറ്റ സാധ്യതയുള്ളതായി വിവരം ലഭിച്ച പശ്ചാത്തലത്തില്‍ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം വിന്യസിച്ചിട്ടുള്ള നുഴഞ്ഞുകയറ്റ പ്രതിരോധ വിഭാഗവുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ ഉന്നത ഉദ്യോദഗസ്ഥര്‍ വിലയിരുത്തുന്നുണ്ട്. ഇതുവരെ ഒരു ഭീകരന് പോലും കശ്മീര്‍ താഴ്വരയിലേക്ക് പ്രവേശിച്ചിട്ടില്ല. സൈനികര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.