ബ്യൂണസ് അയേഴ്‌സ്: കൊറോണ ഭീതി എല്ലാ താരങ്ങളേയും ബാധിച്ചിരിക്കുകയാണ്. ആരും ഉടന്‍ തന്നെ ക്ലബ്ബുകള്‍ക്കായി വിദേശരാജ്യങ്ങളിലേക്ക് വരാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. അര്‍ജ്ജന്റീനയുടെ സൂപ്പര്‍താരം സെര്‍ഗീ അഗ്യൂറോയുടെ വാക്കുകളെ ഉദ്ധരിച്ചാണ് അന്താരാഷ്‌ട്രമാധ്യമങ്ങള്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. ജൂണ്‍ 8-ാം തീയതി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരംഭിക്കാനും പരിശീലനം മെയ്18 ന് പുനരാരംഭിക്കാനും തീരുമാനിച്ച വാര്‍ത്തക്ക് പുറകേയാണ് കളിക്കാരുടെ ആശങ്കയെക്കുറിച്ച് അഗ്യൂറോ തുറന്നടിച്ചത്. ഈ സീസണില്‍ അഗ്യൂറോയാണ് വരാന്‍ സാധിക്കില്ലെന്ന കാര്യം ആദ്യമായി തുറന്നു സമ്മതിച്ചിരിക്കുന്നത്.
മിക്കവാറും താരങ്ങള്‍ വ്യക്തിഗത പരിശീലനം നടത്തുന്നുണ്ടെങ്കിലും ആരും തന്നെ കൊറോണ ഭീതിയില്‍ അവരുടെ സ്വന്തം കുടുംബങ്ങളെ വിട്ട് ഒരിടത്തേക്കും പോകാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും അഗ്യൂറോ വ്യക്തമാക്കി. ‘ഞാന്‍ ശരിക്കും ഭീതിയിലാണ്. എന്റെ പെണ്‍സുഹൃത്തിനൊപ്പം നാട്ടിലാണ്. മറ്റൊരാളുമായി ഇടപഴകി അസുഖം വരുത്താന്‍ തയ്യാറല്ല. നിലവില്‍ വീട്ടിനകത്തുതന്നെ അടച്ചുപൂട്ടിയിരിക്കുകയാണ്’ അഗ്യൂറോ അഭിമുഖത്തില്‍ പറഞ്ഞു.
‘കൊറോണ വൈറസ് ബാധ പലര്‍ക്കും പല തരത്തിലാണ്. ഭൂരിഭാഗം പേര്‍ക്കും പുറമേക്ക് രോഗ ലക്ഷണമില്ല. എന്നാല്‍ അവരില്‍ നിന്നും പടരുന്ന അനുഭവം ലോകത്തിന്റെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അതിനാലാണ് ഞാന്‍ വീടിനു പുറത്തിറങ്ങാത്തത്. ഇനി എനിക്കെങ്ങാനും കൊറോണയുണ്ടോ എന്നു പോലും സംശയിക്കാം. അത് മറ്റൊരാള്‍ക്ക് കൊടുക്കാതിരിക്കാനുള്ള ബാധ്യതയും എനിക്കുണ്ട്’ അഗ്യൂറോ വ്യക്തമാക്കി.
പ്രീമിയര്‍ ലീഗ് നിലവില്‍ 13 മത്സരങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. എല്ലാ ലീഗുകളിലേയും ക്ലബ്ബുകള്‍ ചേര്‍ന്ന് 92 മത്സരങ്ങള്‍ ആകെ പൂര്‍ത്തിയാക്കാനുള്ള ബാധ്യതയുണ്ട്. എന്നാല്‍ രാജ്യങ്ങളുടെ അനുമതി ഇല്ലാത്തതിനാല്‍ മത്സരങ്ങളെല്ലാം അനിശ്ചിതത്വത്തിലുമാണ്.















