ജനീവ: ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് സ്വാഭാവികമായി ഉണ്ടായതാണെന്നും അത് ഒരു മനുഷ്യനിര്‍മ്മിത വൈറസല്ലെന്നും ലോകാരോഗ്യ സംഘടന. ചൈനയുടെ ലാബില്‍ നിന്നും സൃഷ്ടിക്കപ്പെട്ട നശീകരണ വൈറസാണെന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് ലോകാരോഗ്യ സംഘടന പ്രസതാവന നടത്തിയത്. ഡബ്ലൂ എച്ച് ഒയുടെ അത്യാഹിത സേവന മേഖലയുടെ ആഗോള ചുമതല വഹിക്കുന്ന ഡോ. മൈക്കിള്‍ റയാനാണ് അഭിപ്രായം പറഞ്ഞത്.
‘ ലോകത്തിലെ നിരവധി പ്രമുഖരായ ശാസ്ത്രജ്ഞരുമായി തങ്ങള്‍ നിരന്തരം ചര്‍ച്ചയിലാണ്. അത് കൂടാതെ വൈറസിന്റ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനുള്ള പരിശ്രമത്തിലുമാണ്. എന്നാല്‍ കൊറോണ നിലവില്‍ മനുഷ്യസൃഷ്ടിയല്ല മറിച്ച് സ്വാഭാവികമായി പൊട്ടിപ്പുറപ്പെട്ടതാണെന്നാണ് നിഗമനം’ റയാന് വ്യക്തമാക്കി. ചൈനയിലെ വുഹാന്‍ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണ് കൊറോണ എന്ന ആരോപണം ഈ ആഴ്ചയിലും അമേരിക്കന്‍ പ്രസിഡന്റ് വീണ്ടും ഉന്നയിച്ചിരുന്നു. തൊട്ടുപുറകേ യൂറോപ്യന്‍ കമ്മീഷനോട് അവിടത്തെ ജനപ്രതിനിധികളും ചൈനക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.