ലക്നൗ: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ധനസഹായമായി പ്രഖ്യാപിച്ച 50 ലക്ഷത്തില്‍ നിന്നും 40 ലക്ഷം കേണല്‍ അശുതോഷ് ശര്‍മ്മയുടെ ഭാര്യയ്ക്കും 10 ലക്ഷം രൂപ അദ്ദേഹത്തിന്റെ അമ്മയ്ക്കും നല്‍കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവസ്തി വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ സ്വദേശിയാണ് കേണല്‍ അശുതോഷ് ശര്‍മ. രാജസ്ഥാനിലെ ജയ്പൂരിലാണ് അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
ധനസഹായത്തിന് പുറമെ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചുട്ടുണ്ട്. സ്വദേശമായ ബുലന്ദ്ഷറില്‍ അദ്ദേഹത്തിന്റെ പ്രതിമ നിര്‍മ്മിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ഹന്ദ്വാരയില് നടന്ന ഏറ്റുമുട്ടലില്‍ കേണല്‍ അശുതോഷ് ശര്‍മ ഉള്‍പ്പെടെ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചത്. മേജര്‍ അനൂജ് സൂദ് , ലാന്‍സ് നായിക് ദിനേഷ് , റൈഫിള്‍ മാന്‍ എന്‍.കെ രാജേഷ് , കശ്മീര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഷക്കീല്‍ ഖാസി എന്നിവരാണ് വീരമൃത്യു വരിച്ച മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍.