ജനങ്ങളെ ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെ തുരത്താനുള്ള തീവ്ര ശ്രമത്തിലാണ് എല്ലാവരും ഇപ്പോള്‍. കൊറോണയ്ക്കെതിരെ വാക്സിന് കണ്ടെതാത്ത കാലത്തോളം മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമൊക്കെയാണ് വൈറസ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍. വൈറസ് വ്യാപനത്തെ തടയാന്‍ നിത്യജീവിതത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം വ്യക്തി ശുചിത്വം പാലിക്കുകയാണ്. ഹാന്‍ഡ് സാനിട്ടൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കണം. കൈകള്‍ കൊണ്ട് കണ്ണും മൂക്കും ഇടയ്ക്കിടെ തുടയ്ക്കുന്നത് ഒഴിവാക്കണം. ആളുകളില്‍ നിന്നും നിശ്ചിത അകലം പാലിക്കണം. പുറത്തു പോകുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. മാസ്ക് ഒരുതവണ മാത്രമെ ഉപയോഗിക്കാവൂ. വീണ്ടും വീണ്ടും ഉപയോഗിക്കരുത്. തുണി കൊണ്ടുള്ളവയാണെങ്കില് കഴുകി ഉണക്കിയ ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക. മുഖാവരണത്തിന്റെ മുന്‍വശം ഒരിക്കലും കൈകൊണ്ട് തൊടരുത്.
സ്ഥിരമായി തൊടുന്ന വസ്തുക്കള്‍ നിത്യവും വൃത്തിയാക്കി വെയ്ക്കാന്‍ ശ്രദ്ധിക്കണം. എന്തെങ്കിലും അണുനാശിനി കൊണ്ട് ഇവ ദിവസവും തുടയ്ക്കണം. ഡോര്‍ഹാന്‍ഡില്‍, കസേരപ്പിടികള്, മേശപ്പുറം തുടങ്ങിയ സ്ഥലങ്ങള്‍ ഇവയില്‍ പ്രധാനമാണ്. 70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനി വേണം ഇതിനായി ഉപയോഗിക്കാന്‍.
പുറത്ത് പോയി വരുന്നവര്‍ ഷൂസ്, സോക്സ് എന്നിവ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. കുളി കഴിഞ്ഞ ശേഷം മാത്രം അകത്ത് കയറുന്നതാണ് നല്ലത്. പുറത്ത് പോയി വന്ന ശേഷം തുണികള്‍ കഴുകിയ ശേഷം വെയിലത്ത് ഉണക്കി സൂക്ഷിക്കുക.
ലിഫ്റ്റ് ബട്ടണ്‍ ഉപയോഗിക്കുമ്പോള്‍ കൈമുട്ട് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ലിഫ്റ്റില്‍ മുഖാമുഖം നില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. എസ്കലേറ്റര്‍ ഉപയോഗിക്കുമ്പോള്‍ കൈവരിയില്‍ സ്പര്‍ശിക്കാതിരിക്കുക. ഓണ്‍ലൈന്‍ ഫുഡ് സര്‍വ്വീസുകളിലൂടെ ആഹാരം ഓര്‍ഡര്‍ ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫുഡ് കൊണ്ടു വരുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുമ്പോള്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.