ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടിക് ടോക്കില്‍ സജീവമായ ക്രിക്കറ്റ് താരമാണ് ഡേവിഡ് വാര്‍ണര്‍. താരത്തിന്റെ എല്ലാ ടിക് ടോക്ക് വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. തെലുങ്ക് ചിത്രം പോക്കിരിയിലെ ഡയലോഗിന് ശേഷം ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബാഹുബലിയിലെ അമേരന്ദ്ര ബാഹുബലിയായാണ് ഡേവിഡ് വാര്‍ണര്‍ ടിക് ടോക്ക് വീഡിയോയില്‍ എത്തിയിരിക്കുന്നത്. ബാഹുബലിയെ പോലെ പടച്ചട്ടയും കിരീടവുമെല്ലാം ധരിച്ചാണ് വാര്‍ണര്‍ വീഡിയോ ചെയ്തിരിക്കുന്നത്. ഏത് സിനിമയിലേതാണിതെന്ന് പറയാമോ എന്ന് ചോദിച്ചാണ് വാര്‍ണര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുരി ജഗന്നാഥ് സംവിധാനം ചെയ്ത പോക്കിരി എന്ന തെലുങ്ക് ചിത്രത്തിലെ പ്രശസ്തമായ ഡയലോഗിന് ചുണ്ടുചലിപ്പിക്കുന്ന ടിക് ടോക്ക് വീഡിയോ വാര്‍ണര്‍ നേരത്തെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പുരി ജഗന്നാഥ് വാര്‍ണറെ അഭിനന്ദിച്ചിരുന്നു. ഇതിനു പുറമെ, താരത്തെ അദ്ദേഹം സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. തന്റെ ഏതെങ്കിലും ഒരു ചിത്രത്തില്‍ കാമിയോ റോളില്‍ പ്രത്യക്ഷപ്പെടണമെന്നാണ് അദ്ദേഹം വാര്‍ണറിനോട് ആവശ്യപ്പെട്ടത്. പുരി ജഗന്നാഥിന്റെ വാക്കുകള്‍ക്ക് ഡേവിഡ് വാര്‍ണര്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
നേരത്തെ, കുടുംബത്തോടൊപ്പമുള്ള മറ്റ് നിരവധി ടിക് ടോക്ക് വീഡിയോകളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഭാര്യയും മകളുമൊത്തുള്ള അദ്ദേഹത്തിന്റെ മിക്ക വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹിന്ദി സിനിമയായ തീസ് മാര്‍ ഖാനിലെ ഷീലാ കീ ജവാനി ഗാനത്തിന് ചുവടുവെയ്‌ക്കുന്ന വാര്‍ണറിന്റേയും മകളുടേയും വീഡിയോയ്‌ക്കും തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ സിനിമയായ അല വൈകുന്ദപുരമുലു എന്ന സിനിമയിലെ ബുട്ടബൊമ്മ ബുട്ടബൊമ്മ എന്ന ഗാനത്തിന് ചുവടുവെയ്‌ക്കുന്ന വാര്‍ണറിനേയും ഭാര്യ കാന്‍ഡൈസ് വാര്‍ണറിന്റേയും വീഡിയോയ്‌ക്കും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.















