ബംഗളൂരു: കൊലപാതക കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ടയാള്‍ അപ്രതീക്ഷിതമായി പോലീസിന്റെ പിടിയില്‍. ബംഗളൂരുവിലെ ഹോട്ടലില്‍ ഉണ്ടായ വാക്കേറ്റമാണ് പ്രതി പിടിയിലാകാന്‍ കാരണം. പോലീസ് ഏറെ നാളായി തിരയുന്ന ഹുബ്ബലി സ്വദേശി സലീം ബല്ലാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ലോക്ക് ഡൗണായാതിനാല് 7 മണിക്ക് ശേഷം ബംഗളൂരുവില്‍ കടകള്‍ തുറക്കില്ല. എന്നാല്‍ മദ്യപിച്ച ശേഷം പുറത്തിറങ്ങിയ ഇയാള്‍ക്ക് ഭക്ഷണം വാങ്ങാന്‍ സാധിച്ചില്ല. സമീപത്തുള്ള ഒരു ഹോട്ടലില്‍ എത്തിയെങ്കിലും കട അടച്ചെന്നായിരുന്നു ജോലിക്കാരുടെ മറുപടി. ഇതില്‍ പ്രകോപിതനായ ഇയാള്‍ ഹോട്ടല്‍ ജീവനക്കാരോട് തര്‍ക്കിച്ചു. ഇതിനു പിന്നാലെ ജീവനക്കാരില്‍ ഒരാളുടെ മുഖത്തേക്ക് തുപ്പുകയും ചെയ്തു.
ഹോട്ടല്‍ ജീവനക്കാരെത്തി സലീമിനെ കയറുപയോഗിച്ച് ബന്ധിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞ കസബാപ്പെട്ട് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇതിന് ശേഷം ഇയാളുടെ പശ്ചാത്തലം അന്വേഷിച്ചതോടെയാണ് സലീം കൊലപാതക കേസില്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ നവംബറില്‍ കലബുരഗിയില്‍ ഒരാളെ കൊലപ്പെടുത്തിയ ശേഷം നെകാര് നഗറില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. കൊലപാതക കേസിനു പുറമെ, കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളും ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.