മുംബൈ: മുന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിംഗിന്റെ ബാറ്റിംഗ് ചലഞ്ച് ഏറ്റെടുത്ത് ഓപ്പണര്‍ രോഹിത് ശര്‍മ്മ. സച്ചിനെപ്പോലെ തന്നെ രോഹിത്തും വ്യത്യസ്തമായ രീതിയിലാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ബാറ്റിന്റെ അരിക് കൊണ്ട് നിലത്ത് വീഴാതെ പന്ത് തട്ടിയ വീഡിയോ പങ്കുവെച്ച യുവി, സച്ചിന്‍, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിംഗ് എന്നിവരോട് ഈ ചലഞ്ച് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ബാറ്റിന്റെ അരികു കൊണ്ടാണ് യുവരാജ് ചലഞ്ച് ചെയ്തതെങ്കില്‍ ബാറ്റിന്റെ ഹാന്‍ഡില്‍ ഉപയോഗിച്ചാണ് ഹിറ്റ്മാന്‍ പന്തിനെ നിയന്ത്രിച്ചത്. തന്നെ ചലഞ്ച് ചെയ്ത യുവരാജിന് നന്ദി പറഞ്ഞ ശേഷം റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ എന്നിവരോട് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും രോഹിത് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സച്ചിന്‍ കണ്ണ് മൂടിക്കെട്ടിയാണ് യുവിയുടെ വെല്ലുവിളി ഏറ്റെടുത്തത്. എന്നാല്‍ ഏവരേയും ഞെട്ടിച്ച സച്ചിന്‍ യുവിക്കായി ഒരു ട്വിസ്റ്റും കാത്തുവെച്ചിരുന്നു. ട്രാന്‍സ്‌പേരന്റായ തുണിയാണ് താന്‍ ഉപയോഗിച്ചതെന്ന് സച്ചിന്‍ വീഡിയോയുടെ അവസാനം വെളിപ്പെടുത്തുന്നുണ്ട്. സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഈ വീഡിയോ വൈറലാകുകയും ചെയ്തു.















