കൊച്ചി: ഓണ്‍ ലൈന്‍ റിലീസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ ഉയര്‍ന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സമവായ ചര്‍ച്ച. ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊച്ചിയില്‍ ബുധനാഴ്ച സമവായ ചര്‍ച്ച നടത്തുന്നതിനുള്ള അനുമതിക്കായി ഫിലിം ചേംബര്‍ ജില്ലാ കളക്ടറെ സമീപിച്ചു.
ജയസൂര്യ ചിത്രമായ ‘സൂഫിയും സുജാതയും’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് സിനിമ മേഖലയില്‍ പുതിയ തര്‍ക്കവും പ്രതിസന്ധിയും ഉടലെടുത്തത്. ലോക് ഡൗണില്‍ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ റിലീസ് മുടങ്ങിയുള്ള പ്രതിസന്ധിയും, സാമ്പത്തിക നഷ്ടവും പരിഹരിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം റിലീസ് മാത്രമാണ് പ്രതിവിധിയെന്ന നിലപാടില്‍ നിര്‍മ്മാതാക്കള്‍ ഉറച്ചു നില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഫിലിം ചേംബര്‍ മുന്‍കൈയെടുത്ത് ബുധനാഴ്ച കൊച്ചിയില്‍ യോഗം വിളിക്കുന്നത്.
നിര്‍മ്മാതാക്കളുടെയും, വിതരണക്കാരുടെയും, തിയേറ്റര്‍ ഉടമകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് സമൂഹ അകലം പാലിച്ചും, കുറച്ചു പേര് മാത്രം പങ്കെടുത്തുമുള്ള യോഗത്തിനാണ് ജില്ലാ കളക്ടറുടെ അനുമതി തേടിയിട്ടുള്ളത്.
സൂഫിയും സുജാതയും നിര്‍മ്മിച്ച വിജയ് ബാബുവിന്റെ ചിത്രങ്ങള്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ചിരുന്നു. സൂഫിയും സുജാതയുടെയും ചുവടുപിടിച്ച് റിലീസ് മുടങ്ങിയിരിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ വരും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുമെന്നാണ് സൂചനകള്‍. എന്നാല്‍ ഇത് സിനിമാ മേഖലയിലെ തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാതിരിക്കാനാണ് സമവായ സാദ്ധ്യതകള്‍ ഫിലിം ചേംബര്‍ തേടുന്നത്.