ബംഗളൂരു : സംസ്ഥാനത്ത് അകപ്പെട്ട വിവിധ ഭാഷാ തൊഴിലാളികളെ ശ്രമിക് തീവണ്ടികളില്‍ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ യാത്രാ ചിലവും ഏറ്റെടുത്ത് കര്‍ണ്ണാടക സര്‍ക്കാര്‍. വിവിധ ഭാഷാ തൊഴിലാളികളുടെ തീവണ്ടിയാത്രക്കുള്ള ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള എല്ലാ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത് വ്യക്തമാക്കി റെയില്‍വേ മേഖല അധികാരിക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസമായി ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ പണിക്കു പോകാന്‍ ആകാതെ വിവിധ ഭാഷാ തൊഴിലാളികള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹര്യത്തിലാണ് ഇവരുടെ യാത്രാ ചിലവ് പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ശ്രമിക് തീവണ്ടിയിലെ യാത്രാ ചിലവിന് പുറമേ ബസ്സിലെ യാത്രാ ചിലവും വഹിക്കുമെന്ന് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെയും അറിയിച്ചിട്ടുണ്ട്.
ശ്രമിക് തീവണ്ടിയില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരുടെ ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നേരിട്ട് നല്‍കുമെന്ന് സര്‍ക്കാര്‍ റെയില്‍വേക്ക് അയച്ച കത്തില്‍ പറയുന്നു. ഈ നിബന്ധനയില്‍ കര്‍ണ്ണാടകയ്ക്ക് ശ്രമിക് തീവണ്ടികള്‍ അനുവദിക്കണം. മുഴുവന്‍ തൊഴിലാളികളുടെ യാത്രാ നിരക്കും അപ്പോള്‍ തന്നെ സര്‍ക്കാര്‍ നേരിട്ട് റെയില്‍വേയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണ്. അതേസമയം മണിപ്പൂര്‍, ത്രിപുര, മിസോറം, ജമ്മു കശ്മീര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മടങ്ങിവരുന്ന വിവിധ ഭാഷാ തൊഴിലാളികളുടെ യാത്രാ ചിലവ് വഹിക്കുന്നതിനാല്‍ ഇവിടേക്കുള്ള തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നല്‍കില്ല എന്നും കത്തില്‍ വ്യക്തമാക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്വന്തം നാട്ടിലെത്തുന്നത് പോലും വെല്ലുവിളിയായി മാറിയ വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം വലിയ ആശ്വാസകരമാണ്.