മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ രണ്ട് സന്യാസിമാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ബാലബ്രഹ്മചാരി ശിവാചാര്യ നിര്വാനുരുദ്ര പശുപതിനാഥ് മഹാരാജും ശിഷ്യനുമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്. ആശ്രമ പരിസരത്ത് നിന്നും അസ്വാഭാവിക ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഓടിയെത്തിയ അന്തേവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. നന്ദേഡിലെ ഉമ്രി ആശ്രമത്തിലാണ് സംഭവം.
ആശ്രമത്തിനകത്തായിരുന്നു ശിവാചാര്യയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആശ്രമത്തിന് പുറത്തായിരുന്നു ഭഗവാന് ഷിന്‍ഡെയുടെ മൃതദേഹം കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നിന്നും വന്ന് ആശ്രമം സ്ഥാപിച്ച സന്യാസിയാണ് കൊല്ലപ്പെട്ട ബാലബ്രഹ്മചാരി ശിവാചാര്യ. ശ്വാസം മുട്ടിച്ചാണ് സന്യാസിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.പുലര്‍ച്ചെ ഏതാണ്ട് മൂന്നരയോടു കൂടിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആശ്രമത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകള്‍ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. മോഷണം നടത്താനാകാം ചെറുപ്പക്കാരന് ആശ്രമത്തില്‍ പ്രവേശിച്ചത് എന്ന് നന്ദേഡ് പോലീസ് സൂപ്രണ്ട് വിജയ്കുമാര്‍ വ്യക്തമാക്കി. ചെറുപ്പക്കാരന്റെ മോഷണ ശ്രമം എതിര്‍ത്തതാകാം സന്യാസിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ആശ്രമത്തിലും പരിസരത്തും ഉള്ളവരുടെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഹിന്ദു സന്യാസിമാരെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ഒരു സന്യാസികൂടി കൊല്ലപ്പെടുന്നത്.