ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം മെയ് 30 ന് ആഘോഷിക്കാനൊരുങ്ങി ബിജെപി. രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വേറിട്ട ആഘോഷ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെഴുതിയ കത്ത് രാജ്യത്തെ 10 കോടിയോളം ഭവനങ്ങളില്‍ ബൂത്ത് തല പ്രവര്‍ത്തകര്‍ എത്തിക്കും. കണ്ടെയ്ന്മെന്റ് മേഖലകളില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളിലായിരിക്കും കത്തിന്റെ വിതരണം. ഇത്തരം മേഖലകളില്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി കത്ത് എത്തിക്കും.
വെര്‍ച്വല്‍ റാലി നടത്താനും പാര്‍ട്ടിയുടെ ആലോചനയിലുണ്ടന്ന് ബിജെപി അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തുട നീളം 1000 ഓണ്‍ലൈന്‍ സംവാദങ്ങള്‍ സംഘടിപ്പിക്കും.
‘ഇത് ആദ്യമായല്ല ജനങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ പാര്‍ട്ടി വെര്‍ച്വല്‍ ലോകത്തെ ആശ്രയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വെര്‍ച്വല്‍ ഉപയോഗം വര്‍ധിപ്പിക്കുകയാണെന്ന് ബിജെപി പ്രവര്ത്തകന് പറഞ്ഞു.’പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിലൂന്നിയായിരിക്കും വെര്‍ച്വല്‍ സംവാദങ്ങള്‍ നടക്കുക.
ബിജെപി അദ്ധ്യക്ഷന്‍ ജെപി നഡ്ഡ ഫെയ്സ്ബുക്ക് ലൈവിലൂടെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുക.