ചെന്നൈ: തമിഴ്നാട്ടിൽ കൊറോണ വൈറസ് വ്യാപനം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 646 പേർക്കാണ് സംസ്ഥാനത്തു രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം 17,728 ആയി ഉയർന്നു.
ഇന്ന് 9 പേരാണ് തമിഴ്നാട്ടിൽ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്. ഇതുവരെ 127 മരണങ്ങളാണ് തമിഴ്നാട്ടിൽ ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയിലാണ് എറ്റവും അധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 509 പുതിയ കേസുകൾ ചെന്നൈയിൽ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരിൽ 54 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
അതേസമയം, ഇന്ന് 611 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടെന്ന വാർത്ത തമിഴ്നാടിന് ആശ്വാസമേകുന്നു. 9,342 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 8,256 പേർ നിലവിൽ ചികിത്സയിലുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് അധികൃതർ.