ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കവിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കയുടെ നിലപാടിനെ തള്ളി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും യുഎസ് സെക്രട്ടറി മാര്‍ക്ക് ടി എസ്പറുമായി നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സുരക്ഷാ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രാദേശിക സംഭവവികാസങ്ങള്‍ ഇരു നേതാക്കളും പങ്കുവെച്ചെങ്കിലും അമേരിക്കയുടെ മധ്യസ്ഥനിലപാട് ആവശ്യമില്ലെന്ന് വ്യക്തമാക്കിയതായാണ് സൂചന.
മധ്യസ്ഥത സ്വീകരിക്കില്ലെന്ന സൂചന വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവയും നല്‍കിയിട്ടുണ്ട്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ചൈനയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ലഡാക്ക് വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെയാണ് എസ്പറിന്റെ ഫോണ്‍ കോള്‍ വന്നത് എന്നതാണ് ശ്രദ്ധേയമായ വിഷയം. പ്രതിസന്ധി ഇല്ലാതാക്കാന്‍ നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ നടത്താമെന്ന അഭിപ്രായമാണ് അമേരിക്ക മുന്നോട്ടുവെച്ചത്.
അതേ സമയം കൊറോണ വൈറസ് വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഇരു മന്ത്രിമാരും പരസ്പരം വിശദീകരിച്ചു. വിവിധ ഉഭയകക്ഷി പ്രതിരോധ സഹകരണ പ്രവര്‍ത്തനങ്ങളിലെ പുരോഗതിയും അവലോകനം ചെയ്തു. പരസ്പര സൗകര്യാര്‍ത്ഥം ഇന്ത്യ സന്ദര്‍ശിക്കാനുള്ള രാജ്നാഥ് സിംഗിന്റെ ക്ഷണവും എസ്പര് സ്വീകരിച്ചതായാണ് സൂചന. ഉംപുന്‍ ചുഴലിക്കാറ്റില്‍ മരണപ്പെട്ടവര്‍ക്ക് എസ്പര് അനുശോചനം രേഖപ്പെടുത്തി.