ന്യൂഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷം നേട്ടങ്ങളുടെയും ഉയര്‍ച്ചയുടെയും വര്‍ഷമായിരുന്നു എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. ആറ് വര്‍ഷം കൊണ്ട് അറുപത് വര്‍ഷക്കാലം നീണ്ട വികസന മുരടിപ്പാണ് സര്‍ക്കാര്‍ ഇല്ലായ്മ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത അത്ര വലിയ വെല്ലുവിളികളായിരുന്നു നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്പില് ഉണ്ടായിരുന്നത്. എന്നാല്‍ ജനങ്ങള്‍ക്കായി സധൈര്യം തന്നെ അദ്ദേഹം വെല്ലുവിളികളെ നേരിട്ടു. പ്രധാനമന്ത്രിയുടെ മുന്‍പിലുണ്ടായിരുന്ന വെല്ലുവിളികളില്‍ ഏറ്റവും സങ്കീര്‍ണ്ണമായ ഒന്നായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുക എന്നത്. ആ വെല്ലുവിളിയെയും അദ്ദേഹം ഭയമില്ലാതെ നേരിട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ രാജ്യത്ത് ഒരുമിക്കാന്‍ പ്രധാനമന്ത്രിക്കായി. ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന നാഴികല്ലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന ഉത്തരവാദിത്വ ബോധമുള്ള സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ജനങ്ങളുടെ നന്മയ്ക്കായി ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ മോദി സര്‍ക്കാരിന് പ്രാപ്തിയുണ്ട്. എന്താണോ ശരി അത് കൃത്യമായി നടപ്പിലാക്കുമെന്നും ജെപി നദ്ദ കൂട്ടിച്ചേര്‍ത്തു.