മുംബൈ: മത്സരത്തിനിടെ ഗംഭീരപാട്ടുമായി എതിരാളിയെ അമ്പരപ്പിച്ച സംഭവം വിവരിച്ച് രോഹിത് ശര്‍മ. ബംഗ്ലാദേശിനെതിരെ ശിഖര്‍ ധവാന്റെ മൈതാനത്തെ തന്ത്രങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഉപനായകന്‍ രോഹിത് ശര്‍മ പുറത്തുവിട്ടത്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ശഖര്‍ ധവാന്റെ പാട്ടുപാടല്‍ തന്ത്രമാണ് രോഹിത് പങ്കുവെച്ചത്. 2015ലെ പരമ്പരക്കിടയിലെ പാട്ടുപാടല്‍ സംഭവം പരസ്യമാക്കിയത് മായങ്ക് അഗര്‍വാള്‍ സമൂഹമാധ്യമത്തില്‍ നടത്തുന്ന അഭിമുഖ പരിപാടിക്കിടെയായിരുന്നു.
ഓപ്പണ്‍ നെറ്റ്‌സ് വിത്ത് മായങ്ക് എന്ന പരിപാടിയിലാണ് രോഹിത് ശര്‍മ്മ കളിക്കളത്തിലെ തമാശകള്‍ വിവരിച്ചത്. ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സ്ലിപ്പില്‍ നിന്നിരുന്ന ശിഖര്‍ പാട്ടുതുടങ്ങി. ഹിന്ദിയിലുള്ള പാട്ടായതിനാല്‍ ബംഗ്ലാദേശിന്റെ തമീം ഇഖ്ബാല്‍ ആകെ പതറിപ്പോയി. ശ്രദ്ധപാട്ടിലേക്ക് പോകുന്നതാണ് തമീമിനെ കുഴക്കിയത്.

‘ ബംഗ്ലാദേശിനെതിരെയായിരുന്നു മത്സരം. തേര്‍ഡ് സ്ലിപ്പില്‍ ശിഖര്‍ നില്‍ക്കുന്നു. തൊട്ടടുത്ത് ഞാന്‍ ഫീല്‍ഡിംഗിനുണ്ട്. ബൗളര്‍ ആരാണെന്ന് ഓര്‍ക്കുന്നില്ല. പൊടുന്നനെ നല്ല ശബ്ദത്തില്‍ ശിഖര്‍ ധാവന്‍ ഹിന്ദി പാട്ടുതുടങ്ങി. ബാറ്റ് ചെയ്യുന്ന തമീം ആകെ ഞെട്ടി.’രോഹിത് വീഡിയോ അഭിമുഖത്തില്‍ പറഞ്ഞു.
ലോക്ഡൗണിനിടെ നിരവധി ക്രിക്കറ്റ് താരങ്ങളാണ് വീടുകളിലെ നിമിഷങ്ങള്‍ രസകരമാക്കിയത്. ഒപ്പം തങ്ങളുടെ ദീര്‍ഘകാല അനുഭവങ്ങള്‍ പങ്കുവച്ച് എല്ലാവരും ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുകയും ചെയ്തു. സച്ചിനേയും രോഹിതിനേയും വെല്ലുവിളിച്ച് .യുവരാജ് സിംഗ് പന്ത് തട്ടുന്നതും ധോണിയുടെ വ്യായാമങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.















