ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പന്ത് മിനുസമാക്കാന്‍ തുപ്പലുപയോഗിക്കരുതെന്ന നിബന്ധന കളിക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് അനില്‍കുംബ്ലെ. കൊറോണയുടെ ഭീതി നിലനില്‍ക്കേ അന്താരാഷ്‌ട്ര മത്സരങ്ങളിലെ നിബന്ധനകളെ ഓര്‍മ്മിപ്പിക്കുന്നതിനിടെയാണ് അനില്‍ കുംബ്ല അസൗകര്യങ്ങളെക്കുറിച്ച് പറഞ്ഞത്. പന്തില്‍ തുപ്പല്‍തൊട്ട് പാന്റില്‍ ഉരയ്‌ക്കുന്ന സ്വഭാവം ക്രിക്കറ്റില്‍ നിന്ന് മാറ്റാന്‍ പറ്റാത്ത ഒരു ശീലമാണെന്നതാണ് കളിക്കാരെ വിഷമത്തിലാക്കുകയെന്നും കുംബ്ലെ പറഞ്ഞു.
പന്തില്‍ തുപ്പല്‍തൊട്ട് മിനുസമാക്കുന്ന രീതി കൊറോണ പ്രതിരോധത്തിന് തടസ്സമാണെ ന്നതിനാലാണ് നിരോധനം കൊണ്ടുവന്നത്. ഐ.സി.സിയുടെ അച്ചടക്ക സമിതി അധ്യക്ഷനെന്ന നിലയില്‍ അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തീരുമാനം എടുത്തത്. കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിലാണ് കൊറോണക്കാലത്തെ മത്സരങ്ങളുടെ സുരക്ഷാ നിര്‍ദ്ദേശം പുറത്തുവിട്ടത്.
പന്തില്‍ തുപ്പല്‍പുരട്ടി ഒരു വശം മിനുസമാക്കുന്നത് പൂര്‍ണ്ണമായും ഐ.സി.സി നിരോധിച്ചു. പകരം മെഴുകോ മറ്റെന്തെങ്കിലും ദ്രാവകമോ നല്‍കാമെന്നാണ് തീരുമാനം. കളിക്കിടെ സാനിറ്റൈസർ ഇടക്ക് ഉപയോഗിക്കാനും സംവിധാനം ഒരുക്കുമെന്നും പറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലാണ് പന്തിന്റെ മിനുസം ഏറെ പ്രധാനപ്പെട്ടത്. അധികം ആളുകളിലേക്ക് പന്ത് കൈമാറാതിരിക്കാന്‍ ടീമുകള്‍ സ്പിന്നര്‍മാരെ കൂടുതല്‍ പരീക്ഷിക്കണമെന്ന ആശയവും കുംബ്ലേ പങ്കുവച്ചു.















