കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് കലൂർ സ്റ്റേഡിയം. ഇവിടെ ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തിയതോടെയാണ് അവകാശത്തർക്കം ആരംഭിച്ചത്. ഇതിനിടയിൽ ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക് മാറുന്നു എന്ന വാർത്ത പ്രചരിച്ചതോടെ കെസിഎ ആവശ്യം ശക്തമാക്കി. ഇനി തീരുമാനമെടുക്കേണ്ടത് സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള ജിസിഡിഎ ആണ്.
2014 ഒക്ടോബറിലാണ് സ്റ്റേഡിയത്തിൽ അവസാനമായി ക്രിക്കറ്റ് മത്സരം നടന്നത്. പിന്നീട് സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സ് ഏറ്റെടുത്തു. ശേഷം കൊച്ചിയിൽ ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടില്ല. പിന്നീട് കേരളത്തിന് അനുവദിച്ച ക്രിക്കറ്റ് മത്സരങ്ങൾക്ക് കാര്യവട്ടം സ്പോർട്ട്സ് ഹബ്ബാണ് വേദിയായത്. എന്നാൽ മത്സരം നടത്താൻ കൊച്ചിയാണ് കൂടുതൽ അനുയോജ്യമെന്നാണ് കെസിഎയുടെ അവകാശവാദം.
കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയം ജിസിഡിഎ തങ്ങൾക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പറയുന്നു. കെസിഎ ഏകദേശം പതിനൊന്നു കോടിയോളം മുടക്കുകയും. കൂടാതെ 1 കോടി രൂപ ജിസിഡിഎക്ക് ഡെപ്പോസിറ്റായും നല്‍കിയിട്ടുണ്ട്. ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. അതിനാൽ കൊച്ചി സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണെ എന്ന് ആവശ്യപ്പെട്ട് കെസിഎ ജിസിഡിഎക്ക് കത്ത് നല്‍കിയിട്ടുണ്ട്.
കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരേ പോലെ നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത് . നിലവില്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കേ മലബാറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരം കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല, ഐഎസ്എല്‍ വരുന്നതിന് മുമ്പ് സ്റ്റേഡിയം പരിപാലിച്ചിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയം അനുവദിക്കണമെന്ന് ജിസിഡിഎയോട് ആവശ്യപ്പെടുന്നത്.
അതേസമയം, കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് ക്ലബ്ബ് മാറില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു കഴിഞ്ഞു. ക്ലബ്ബിന്റെ ഹോംഗ്രൗണ്ട് കൊച്ചി തന്നെ ആയിരിക്കുമെന്നും സന്നാഹമത്സരങ്ങളും പ്രദർശന മത്സരങ്ങളും കോഴിക്കോട് നടത്താനാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും ഐഎസ്എൽ അനുമതി നൽകിയാൽ ഭാവിയിൽ കോഴിക്കോട്ട് ടീമിന്റെ ചില മത്സരങ്ങൾ നടത്തുമെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിനോട് ബ്ലാസ്റ്റേഴ്സിന് കാര്യമായ എതിർപ്പില്ല. എന്നാൽ ക്രിക്കറ്റ് നടത്തുമ്പോൾ അത് ഐഎസ്എൽ ഷെഡ്യൂളിനെ ബാധിക്കുമോ എന്നതാണ് ക്ലബ്ബിന്റെ ആശങ്ക. നിലവിൽ തങ്ങൾക്ക് ഫുട്ബോൾ മത്സരങ്ങൾ നടത്താൻ അനുയോജ്യമായ മറ്റ് വേദികളില്ലെന്നും എന്നാൽ ക്രിക്കറ്റ് നടത്താൻ തിരുവനന്തപുരത്തെ കാര്യവട്ടവും വയനാട്ടിലെ കൃഷ്ണഗിരിയുമുണ്ടെന്ന നിലപാടാണ് ബ്ലാസ്റ്റേഴ്സിന്.
എന്തായാലും ഇനി നിലപാടെടുക്കേണ്ടത് ജിസിഡിഎ ആണ്.















