ക്യാംപ്‌നൂ: ഒരിടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ബാഴ്‌സലോണ. മല്ലോര്‍ക്കക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. സൂപ്പര്‍താരം ലയണല്‍ മെസിയുടെ മിന്നുന്ന പ്രകടനമാണ് ബാഴ്‌സലോണയുടെ വിജയം ഗംഭീരമാക്കിയത്.
ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ബാഴ്‌സലോണയുടേയും മെസിയുടേയും മത്സരത്തിനായി കാത്തിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിക്കാതെ തന്നെ മെസിയും സംഘവും മത്സരം കൈപ്പിടിയിലാക്കി. മത്സരത്തിന്റെ രണ്ടാം മിനിട്ടില്‍ തന്നെ ആര്‍തുറോ വിദാലിലൂടെ ബാഴ്‌സ ഗോള്‍ വേട്ട തുടങ്ങി. 37-ാം മിനിട്ടില്‍ മാര്‍ട്ടിന്‍ ബ്രാത്വെയ്റ്റിലൂടെ ബാഴ്‌സ ലീഡ് ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബാഴ്‌സയ്‌ക്ക് രണ്ട് ഗോളിന്റെ ലീഡ്.
ആദ്യ പകുതിയുടെ ആവര്‍ത്തനമാണ് രണ്ടാം പകുതിയിലും കാണാനായത്. പതിവുപോലെ എതിരാളികള്‍ക്ക് പന്ത് വിട്ടുകൊടുക്കാതെ ബാഴ്‌സ മത്സരം നിയന്ത്രിച്ചു. 79-ാം മിനിട്ടില്‍ ജോര്‍ദി ആല്‍ബ ഗോള്‍ നേടിയതോടെ മത്സരത്തിന്റെ ഫലം ഏറെക്കുറെ നിര്‍ണയിക്കപ്പെട്ടെങ്കിലും മെസിയുടെ ഗോള്‍ മാത്രം അകന്നു നിന്നു. തുടര്‍ന്ന് മത്സരത്തിന്റെ അധിക സമയത്ത് ആരാധകര്‍ കാത്തിരുന്ന മെസി മാജിക്ക് എത്തി. പതിവിനു വിപരീതമായി ഒരു വലം കാലന്‍ ഷോട്ട്. രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത മെസി തന്നെയാണ് കളിയിലെ താരം. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.















