മിലാന്: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ യുവന്റസിനെ കീഴടക്കി നാപ്പോളി കോപ്പാ ഇറ്റാലിയ കിരീടം നേടി. 4-2നാണ് നാപ്പോളി വിജയം പിടിച്ചെടുത്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നിരാശരാക്കിയാണ് ഗെന്നാരോ ഗാറ്റുസോയുടെ താരങ്ങള്‍ കൊറോണക്കാലത്തെ ആദ്യ കിരീടം ചൂടിയത്. യുവന്റസിന്റെ പൗലോ ഡിബാലയും ഡാനിലോയും പെനാല്‍റ്റികള്‍ പാഴാക്കിയതാണ് യുവന്റസിന് വിനയായത്. ആറു സീസണായി ഒരു പ്രധാന കിരീടം പോലും നേടാതിരുന്ന നാപ്പോളിക്ക് കോപ്പാ ഇറ്റാലിയ സുവര്‍ണ്ണ നേട്ടമായി.

യുവന്റസിന്റെ രണ്ടു പെനാല്‍റ്റികള്‍ പാഴായതിന് പിറകേ കിക്കെടുത്ത അര്‍ക്കാദിയസ് മിലിക്കാണ് നാപ്പോളിക്ക് സ്വപ്‌നതുല്യ നേട്ടം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ശക്തമായ പ്രതിരോധം തീര്‍ത്തു കളിച്ച ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ തോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് തീരുമാനം എത്തിയത്. യുവന്റസിന്റെ താരവും ലോകഫുട്‌ബോളിലെ ഒന്നാം നമ്പര്‍ ഗോളിയുമായ ഗിയാന്‍ലൂയിജീ ബഫണിന്റെ കൈകളെ ഭേദിച്ചാണ് നാപ്പോളി താരങ്ങള്‍ 4 പന്തുകള്‍ വലയിലെത്തിച്ചത്. രണ്ട് സുവര്‍ണ്ണാവസരങ്ങള്‍ യുവന്റസ് താരങ്ങള്‍ പാഴാക്കി. ഡിബാലയുടെ സ്‌പോട്ട് കിക്ക് നാപ്പോളി ഗോളി അലെക്‌സ് മെരെറ്റ് കുത്തിയകറ്റി. ഇതിനിടെ ഡാനിലോയുടെ കിക്ക് ഗോള്‍പോസ്റ്റിന് മുകളിലൂടെ കടന്നുപോയി.
പരിശീലകനെന്ന നിലയില്‍ തന്റെ ആദ്യ സീസണില്‍ കിരീടം നേടിയത് ഗാറ്റുസോക്ക് വലിയ അംഗീകാരമായി. ഇറ്റലിയുടെ മികച്ച മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ രാജ്യത്തിനായി ലോകകപ്പും ക്ലബ്ബ് ഫുട്‌ബോളില്‍ എസി.മിലാന് വേണ്ടി ചാമ്പ്യന്‍സ് ലീഗും സീരി ഏ ലീഗ് കിരീടവും നേടിയ താരമവുമാണ് ഗുറ്റാസോ.















