കൊച്ചി : കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെ സംബന്ധിച്ചുള്ള അവകാശത്തർക്കം പുതിയ തലത്തിലേക്ക്. സ്റ്റേഡിയത്തിലെ സച്ചിൻ പവലിയനിലെ സാധനങ്ങൾ മാറ്റിയത് സംബന്ധിച്ചുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആരോപണം തള്ളി കേരള ബ്ലാസ്റ്റേഴ്സ് രംഗത്തെത്തി. ഇതോടെ സച്ചിൻ ഒപ്പിട്ട ബാറ്റും ജെഴ്സിയും എവിടെയാണെന്ന ചോദ്യമാണ് ഉയരുന്നത്.
ഐഎസ്എൽ മത്സരങ്ങളുടെ വിഐപി ലോഞ്ചാക്കുന്നതിനായി സച്ചിൻ പവലിയൻ പൂർണ്ണമായും നശിപ്പിച്ചു എന്നായിരുന്നു കെസിഎയുടെ ആരോപണം. എന്നാൽ ഇത് പൂർണ്ണമായും തള്ളിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് ഉടമ നിഖിൽ ഭരദ്വാജ് രംഗത്തെത്തി. കേരള ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിന്റെ ഉടമകളും സംരക്ഷകരുമല്ല. മൂന്നാം സീസണിനുശേഷം കെഎഫ്എയ്‌ക്കാണ് തങ്ങൾ സ്റ്റേഡിയം കൈമാറിയത്. അണ്ടർ 17 ലോകകപ്പിന് വേണ്ടിയുള്ള മാറ്റങ്ങളിൽ തങ്ങൾക്ക് പങ്കില്ല. സാധനങ്ങൾ കാണാതായെന്ന് പരാതിയുണ്ടെങ്കിൽ ജിസിഡിഎയുമായി ചർച്ച ചെയ്യണം. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി. അങ്ങനെ തുടരുകയും ചെയ്യും. കേരളത്തിലെ ഫുട്ബോൾ വികസനത്തിലാണ് തങ്ങളുടെ ശ്രദ്ധയെന്നും നിഖിൽ പറയുന്നു.
അപ്പോൾ ഉയരുന്ന പ്രധാന ചോദ്യമാണ് ഈ സാധനങ്ങൾ മാറ്റിയതാര്. 2016 ഡിസംബർ അവസാനവാരം സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സ് തിരികെ നൽകി. 2017 ജനുവരിയിൽ തന്നെ അണ്ടർ 17 ലോകകപ്പിനായി പ്രാദേശിക സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. മാർച്ച് മാസത്തോടെ സച്ചിൻ പവലിയനിലെ സാധനങ്ങളെടുത്തുമാറ്റി സംഘാടക സമിതി പ്രവർത്തനമാരംഭിച്ചു. ഈ സമയത്ത് സ്റ്റേഡിയവുമായി ബ്ലാസ്റ്റേഴ്സിന് ബന്ധമില്ല. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം സ്റ്റേഡിയം തിരികെ നൽകിയപ്പോൾ അതിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ഇപ്പോഴുമുണ്ടെന്നാണ് ബ്ലാസ്റ്റേഴ്സ് പറയുന്നത്.
സ്മരണികകൾ സച്ചിൻ സമ്മാനിച്ചത് കെസിഎയ്‌ക്കാണെന്നും അത് സൂക്ഷിക്കേണ്ട ചുമതല കേരള ക്രിക്കറ്റ് അസോസിയേഷനുണ്ടെന്നും അവരുടെ അനുമതി കൂടാതെ എടുത്തു മാറ്റിയെങ്കിൽ എന്ത് കൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ലെന്നും ആരാധകർ ചോദിക്കുന്നു. സച്ചിൻ തെൻഡുൽക്കർ ഒപ്പുവച്ച അമൂല്യ സ്മരണികകൾ കാണാതായെങ്കിൽ കണ്ടെത്തേണ്ട ബാധ്യത കെസിഎയ്‌ക്ക് ഇല്ലേയെന്നും ആരാധകർ ചോദിക്കുന്നു.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ അമൂല്യ സ്മരണികകൾ എവിടെയാണുള്ളതെന്നും അത് ആരാണ് മാറ്റിയതെന്നും കണ്ടെത്തേണ്ടത് ഓരോ കായിക പ്രേമിയുടെയും ആവശ്യമാണ്. പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നവർ ഒന്നോർക്കുക താത്ക്കാലിക ലാഭത്തിന് വേണ്ടി നിങ്ങൾ മുറിവേൽപ്പിക്കുന്നത് സച്ചിനെയും ക്രിക്കറ്റിനെയും സ്നേഹിക്കുന്ന നിരവധിയാളുകളുടെ മനസ്സിനെയാണ്.















