കണ്ണൂര്‍: കൊറോണക്കിടെ കണ്ണൂരില്‍ ആശങ്ക വര്‍ധിപ്പിച്ചു ഡെങ്കിപ്പനി വ്യാപകമാകുന്നു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 500 ലേറെ പേര്‍ക്ക് രോഗം ബാധിച്ചതായാണ് സൂചന. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊറോണ ഭീതിക്കിടയിലാണ് കണ്ണൂരില്‍ ഡെങ്കിപ്പനിയും ആശങ്ക ജനിപ്പിക്കുന്നത്. ഇരിട്ടി, ഒടുവള്ളിത്തട്ട്, പെരിങ്ങോം, മയ്യില്‍, കീഴ്പ്പള്ളി, രാമന്തളി, എരമം എന്നീ പ്രദേശങ്ങളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഡെങ്കിപ്പനി സംശയിച്ചു അഞ്ഞൂറിലേറെ പേരാണ് ഇക്കാലയളവില്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. രാമന്തളി, പരിയാരം, ചപ്പാരപ്പടവ് എന്നിവിടങ്ങളിലായി നാലു പേര് മരിച്ചത് ഡെങ്കിപ്പനി ബാധിച്ചാണെന്നാണ് സംശയിക്കുന്നത്.
രോഗ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്. കൊതുകു നശീകരണത്തിന് ഫോഗിങ് അടക്കമുള്ള പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.