ബെയ്ജിംഗ് : അന്താരാഷ്ട്ര യോഗ ദിനത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാതെ ചൈന. നാമമാത്രമായ പരിപാടികള്‍ മാത്രമാണ് യോഗ ദിനത്തോട് അനുബന്ധിച്ച് ചൈനയില്‍ നടന്നത്. കൊറോണ, ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന് ചൈന വലിയ പ്രധാന്യം നല്‍കാതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
യോഗയ്ക്ക് വലിയ പ്രധാന്യം നല്കുന്ന രാജ്യമാണ് ചൈന. വലിയ ആഘോഷ പരിപാടികളാണ് യോഗ ദിനത്തിനോട് അനുബന്ധിച്ച് ചൈനയില്‍ സാധാരണയായി സംഘടിപ്പിക്കാറ്. എന്നാല്‍ മുന്‍വര്‍ഷങ്ങളിലും വ്യത്യസ്തമായിരുന്നു ഈ വര്‍ഷത്തെ യോഗാ ദിനമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഈ വര്‍ഷം ചൈനയിലെ ഇന്ത്യന്‍ ഹൗസില്‍ മാത്രമാണ് യോഗ ദിനത്തോട് അനുബന്ധിച്ച് പ്രധാന്യമുള്ള പരിപാടികള്‍ സംഘടിപ്പിച്ചതെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്രി പറഞ്ഞു. ഇന്ത്യന്‍ , വിദേശ നയതന്ത്രജ്ഞരും അവരുടെ കുടുംബാംഗങ്ങളും ഇന്ത്യന്‍ ഹൗസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. യോഗ ദിനത്തില്‍ ഇതിലും വലിയ പരിപാടികള്‍ സംഘടിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ചൈനയില്‍ വീണ്ടും കൊറോണ വ്യാപനം ആരംഭിച്ചതോടെ പരിപാടികള്‍ ചെറുതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. യോഗ ദിനത്തിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്ക് വലിയ അതിശയമായെന്നും മിസ്രി വ്യക്തമാക്കി.