സൂറിച്ച്: വനിതാ ഫുട്ബോള്‍ ലോകകപ്പിനുളള ആതിഥേയത്വം രണ്ടുരാജ്യങ്ങള്‍ക്ക്. 2023ലെ ലോകകപ്പ് ഓസ്ട്രേലിയയും ന്യൂസിലന്റും സംയുക്തമായി ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ അറിയിച്ചു. വോട്ടെടുപ്പിലൂടെയാണ് ആതിഥേയരെ തീരുമാനിച്ചത്. 2019ലാണ് കഴിഞ്ഞ ലോകകപ്പ് നടന്നത്. ഫ്രാന്‍സാണ് കഴിഞ്ഞ വനിതാ ലോകകപ്പിന് ആതിഥ്യമരുളി വിജയമാക്കിയത്.
‘ഫിഫയുടെ 2023ലെ വനിതാ ലോകകപ്പ് ആതിഥേയത്വം ഓസ്ട്രേലിയയും ന്യൂസിലന്റും സംയുക്തമായി ആതിഥേയത്വം വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന വോട്ടിംഗിലാണ് ഇരുരാജ്യങ്ങളേയും തീരുമാനിച്ചിരിക്കുന്നത്.’ ഫിഫയ്ക്ക് വേണ്ടി പ്രസിഡന്റ് ഗിയാനി ഇന്ഫാന്റിപറഞ്ഞു.
ഓസ്ട്രേലിയയും ന്യൂസിലന്റും സംയുക്തമായാണ് ലോകകപ്പിന്റെ നടത്തിപ്പിനായി അവകാശവാദം ഉന്നയിച്ചത്. ആകെ 35 രാജ്യങ്ങളുടെ ഇടയില്‍ നിന്ന് 22 പേരുടെ പിന്തുണ ഓസ്ട്രേലിയക്കും ന്യൂസിലന്റിനും ലഭിച്ചു. ലോകകപ്പിനായി മുന്നോട്ട് വന്ന കൊളംമ്പിയന്‍ അസോസിയേഷന് 13 വോട്ടുകളാണ് ലഭിച്ചത്. 2019ലെ വന്‍ വിജയമായിരുന്ന ഫ്രാന്‍സിലെ ലോകകപ്പിന്റെ അനുഭവം കണ്ട് 2023ലെ ആതിഥേയത്വം ഏറ്റെടുക്കാന്‍ പലരും രംഗത്തുവന്നിരുന്നു.
ആകെ 32 രാജ്യങ്ങളാണ് വനിതാ ലോകകപ്പില്‍ അണിനിരക്കുന്നത്. ഇത്ര അധികം രാജ്യങ്ങള്‍ ഒരുമിച്ച് വരുന്ന ആദ്യ വനിതാ ലോകകപ്പാണിത്. ആദ്യമായിട്ടാണ് വനിതാ ലോകകപ്പിന് സംയുക്ത ആതിഥേയത്വം ഉണ്ടാകുന്നത്.