മലപ്പുറം: സാമൂഹിക വ്യാപന ആശങ്കയില്‍ മലപ്പുറം. ജില്ലയില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നുണ്ടോയെന്നറിയാന്‍ പ്രത്യേക സ്ക്വാഡിനെ രൂപവത്ക്കരിക്കുമെന്നും ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു.
ജില്ലയില്‍ പ്രത്യേകം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണ്‍ ആക്കാന്‍ ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തു. കൊറോണ വ്യാപനം രൂക്ഷമായ പഞ്ചായത്തുകള്‍ അടച്ചിടാനും ശുപാര്‍ശയുണ്ട്. 218 കൊറോണ രോഗികളാണ് ജില്ലയില്‍ ആകെ ഉള്ളത്. ഇതില്‍ 169 പേരും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ബാക്കി ഉള്ളവര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ കഴിയുകയാണ്.
ജില്ലയിലെ എല്ലാ പൊതു ഇടങ്ങളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും കളക്ടര്‍ അറിയിച്ചു. കണ്ടെയ്ന്മെന്റ് സോണുകളില്‍ ആരാധനാലയങ്ങള്‍ തുറക്കില്ല. മരണം വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് 20 പേരെ മാത്രമേ അനുവദിക്കുള്ളൂ. ജില്ലയില്‍ എവിടെയും കൊറോണ ലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും പ്രകടമായാല്‍ ഉടനെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്കി.
മലപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.